Advertisment

പീഡനക്കേസ് പ്രതി മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട ആനി രാജക്ക് പ്രതികരണത്തിന് വിലക്കേർപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം. സംസ്ഥാനത്തെ വിഷയങ്ങളിൽ കേരള ഘടകവുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്ന് നിർദേശം. വിലക്ക് ബിനോയ് വിശ്വത്തിൻെറ കത്തിന് പിന്നാലെ. ദേശീയ വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും മാത്രം പ്രതികരിക്കാൻ അനുമതി

കേരളത്തിലെ രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നതിന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം ആനിരാജക്ക് വിലക്ക്

New Update
annie raja binoy viswam 1

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നതിന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റംഗം ആനിരാജക്ക് വിലക്ക്. സി.പി.ഐ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കത്ത് നൽകിയതിനെ തുടർന്നാണ് ആനിരാജക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Advertisment

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് കേരളത്തിലെ വിഷയങ്ങളിൽ പ്രതികരണം നടത്തുന്നതിൽ നിന്ന് ആനിരാജയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയത്.


ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലിൽ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട എം. മുകേഷ് രാജിവെയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തെ ആനിരാജക്ക് എതിരെ തിരിയാൻ പ്രേരിപ്പിച്ചത്.


സംസ്ഥാന ഘടകത്തിൻെറ പ്രതിഷേധം അറിയിക്കുന്ന കത്ത് നാഗ്പൂരില്‍ നടന്ന സി.പി.ഐ ദേശീയ നേതൃയോഗം ചർച്ചചെയ്തു.കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കരുതെന്നാണ് ദേശീയ നേതൃസമിതി നൽകിയിരിക്കുന്ന നി‍ർദ്ദേശം.

സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ കേരളത്തിലെ  രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ല. സ്ത്രീവിഷയങ്ങളിലും ദേശീയ വിഷയങ്ങളിലും ആനി രാജയ്ക്ക് അഭിപ്രായം പറയാമെന്നും ദേശീയ എക്സിക്യൂട്ടീവ് നിർദ്ദേശിച്ചു.


കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണം നടത്തേണ്ടത് സംസ്ഥാന എക്സിക്യൂട്ടിവിലെ കൂടിയാലോചനയിലൂടെയാണ്. സംസ്ഥാന എക്സിക്യൂട്ടിവിൽ അംഗമല്ലാത്ത ആനിരാജ കേരള വിഷയങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും ദേശീയ നേതൃയോഗങ്ങൾ ചൂണ്ടിക്കാട്ടി.


നേരത്തെ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്ന കാലത്തും
സംസ്ഥാന ഘടകം ആനി രാജക്ക് എതിരെ കത്ത് നൽകിയിരുന്നു. കേരളാ പൊലീസിൽ സംഘപരിവാർ സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന പ്രതികരണം നടത്തിയതിൻെറ പേരിലാണ് കാനം രാജേന്ദ്രൻ പ്രകോപിതനായത്.

കേരളത്തിലെ പൊലീസ് ഭരണത്തെ സി.പി.ഐ നേതാവ് വിമർശിച്ചത് സി.പി.എം നേതൃത്വവും കാനത്തിൻെറ ശ്രദ്ധയിൽപെടുത്തിയിരുന്നു. അന്നും സംസ്ഥാന ഘടകത്തിൻെറ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് ആനി രാജയെ വിലക്കിയിരുന്നു.

ദേശീയ എക്സിക്യൂട്ടിവ് തീരുമാനം വന്നശേഷം ജനറൽ സെക്രട്ടറി ഡി.രാജ, ആനിരാജയെ പിന്തുണച്ച് പ്രതികരിച്ചു. ഇതിൽ പ്രകോപിതനായ കാനം രാജേന്ദ്രൻ സംസ്ഥാന  കൗൺസിൽ വിളിച്ചുചേർത്ത് ജനറൽ സെക്രട്ടറിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി.


സി.പി.ഐയുടെ സംഘടനാ ചരിത്രത്തിലെ അസാധാരണമായ സംഭവമായി വിശേഷിപ്പിക്കപ്പെട്ട സംഭവം സംസ്ഥാന-ദേശീയ ഘടകങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു.


എന്നാൽ രാജ്യത്തെ ഏറ്റവുംവലിയ ഘടകമായ കേരളത്തിലെ ഘടകത്തോട് ഏറ്റുമുട്ടി നിൽക്കാൻ ത്രാണിയില്ലാതെ ദേശീയ നേതൃത്വം പിൻവാങ്ങി. എന്നാൽ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലേക്ക് ഡി. രാജയെ ക്ഷണിക്കാതെ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിലേക്ക് പോയി.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമ്മേളനം നടക്കുമ്പോൾ ഡി. രാജ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഒറ്റയ്ക്കിരിക്കുന്ന ചിത്രം മാധ്യമങ്ങളിൽ വരികയും ചെയ്തിരുന്നു.

കാനം സെക്രട്ടറിയായിരിക്കെ ദേശീയ നേതൃത്വം കൈക്കൊണ്ട തീരുമാനമാണ് ആനിരാജ ലംഘിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ഇപ്പോൾ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയത്.


 കഴിഞ്ഞ മാസം 25ന് നാഗ് പൂരിൽ നടന്ന ദേശീയ നേതൃയോഗത്തിന് മുൻപാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ സെക്രട്ടേറിയേറ്റംഗവും മലയാളിയുമായ ആനി രാജയ്ക്ക് എതിരെ കത്ത് നൽകിയത്.


കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തോട് കൂടിയാലോചന നടത്താതെ അടിക്കടി പ്രതികരണം നടത്തുന്നത് മുന്നണി ബന്ധങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ നേതൃത്വത്തെ സമീപിച്ചത്.

നടിയുടെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ ലൈംഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എം.എൽ. എ എം.മുകേഷ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൻെറ പേരിലാണ് സംസ്ഥാന നേതൃത്വം ആനിരാജക്ക് എതിരെ തിരിഞ്ഞത്.

ഇടത് മുന്നണിക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രതികരണങ്ങളിൽ നിന്ന് ആനിരാജയെ വിലക്കണമെന്ന് ആവശ്യമാണ് കത്തിലൂടെ മുന്നോട്ട് വെച്ചത്. സംസ്ഥാന എക്സിക്യൂട്ടിവിൻെറ തീരുമാന പ്രകാരം ആയിരുന്നു കത്ത്.

കത്ത് നൽകിയതും ആനിരാജക്ക് വിലക്ക് ഏർപ്പെടുത്തിയതും ദേശീയ നേതൃത്വം സ്ഥിരീകരിച്ചിട്ടും സംസ്ഥാന നേതൃത്വം അതിന് തയാറായിട്ടില്ല. കത്ത് നൽകി എന്നത് മാധ്യമങ്ങൾ മെനയുന്ന കഥയാണെന്നും ഇങ്ങനെ കഥ മെനയുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നുമായിരുന്നു ബിനോയ് വിശ്വത്തിൻെറ പ്രതികരണം.

Advertisment