Advertisment

സിപിഎമ്മിനെതിരെ മുസ്ലിം പ്രീണന ആരോപണം ആവർത്തിച്ച് വെളളാപ്പളളി. മസിൽ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതാണ് ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യാൻ കാരണം. മാവേലി സ്റ്റോറുകളിൽ പാറ്റയ്ക്ക് തിന്നാൻ പോലും ഒന്നുമുണ്ടായിരുന്നില്ലെന്നും സാധാരണക്കാരനെ മറന്നതാണ് തോൽവിയുടെ മറ്റൊരു കാരണമെന്നും വെളളാപ്പളളി

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് വെളളപ്പളളി സർക്കാരും പാർട്ടിയും മുസ്ളിം പ്രീണനം നടത്തുകയാണെന്ന ആരോപണം ആവർത്തിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
mv govindan vellappally nadesan

ആലപ്പുഴ: സിപിഎമ്മിൻെറയും സർക്കാരിൻെറയും മുസ്ളീം പ്രീണനമാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളിലൊന്ന് എന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. മസിൽ പവറും മണിപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു, അതാണ് ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യാൻ കാരണമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു. പത്രസമ്മേളനത്തിലാണ് നടേശന്‍ ആരോപണം ആവര്‍ത്തിച്ചത്.

Advertisment

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് വെളളപ്പളളി സർക്കാരും പാർട്ടിയും മുസ്ളിം പ്രീണനം നടത്തുകയാണെന്ന ആരോപണം ആവർത്തിച്ചത്.


എസ്എൻഡിപിയോടല്ല എതിർപ്പെന്നും ശ്രീനാരയാണ ഗുരുവിൻെറ ആദർശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സംഘടനയെ ബിഡിജെഎസിൻെറ മറവിൽ കാവി വൽക്കരിക്കുന്നതിനെയാണ് എതിർക്കുന്നതെന്നായിരുന്നു എംവി ഗോവിന്ദൻെറ വിമർശനം. സിപിഎം നേതൃത്വത്തിൻെറ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി പറഞ്ഞ വെളളാപ്പളളി പഴയ നിലപാട് ആവർത്തുകയായിരുന്നു. ഉടനടി സിപിഎമ്മുമായി ഒരു സമവായത്തിനുള്ള സാധ്യത തള്ളുകയാണ് വെള്ളാപ്പള്ളി.


തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണമെന്നു പറഞ്ഞു സിപിഎമ്മിനെതിരെ ആഞ്ഞടിക്കാനും വെള്ളാപ്പള്ളി തയ്യാറായി. ക്ഷേമ പെൻഷൻ തിരഞ്ഞെടുപ്പ് കാലത്തും കുടിശികയായിരുന്നു. എന്തുകൊണ്ടാണ് പെൻഷൻ കൊടുക്കാതിരുന്നത്. മാവേലി സ്റ്റോറിൽ പാറ്റയ്ക്ക് കഴിക്കാൻ പോലും ഒന്നുമില്ലായിരുന്നു. സാധാരണക്കാരനെ മറന്നതാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം, അതിന് എസ്എൻഡിപിയെ പഴിച്ചിട്ട് കാര്യമില്ല - വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ളീം പ്രീണനമാണ് തോൽവിയുടെ മറ്റൊരു കാരണമെന്നും വെളളാപ്പളളി തുറന്നടിച്ചു. എസ്എൻഡിപി യോഗം സംഘപരിവാറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു എന്നും യോഗം നേതൃത്വത്തിൽ കാവിവൽക്കരണം നടക്കുന്നുവെന്നുമുളള സിപിഎം ആരോപണങ്ങളും വെളളാപ്പളളി തളളിക്കളഞ്ഞു. എസ്എൻഡിപിയുടെ മൂല്യം ഇടതുപക്ഷം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. എസ്എൻഡിപി വോട്ട് കൊടുത്തില്ലെന്ന് പറയുന്നതിലും സന്തോഷമുണ്ട്.


എസ്എൻഡിപിയെ ചുവപ്പ് മൂടാനും കാവി മൂടാനും ആരെയും അനുവദിക്കുന്ന പ്രശ്നമില്ല. നക്സലുകൾ മുതൽ മുസ്ളീം ലീഗുകാർ വരെ എസ്എൻഡിപിയിലുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിന് ആർഎസ്എസിനോടും ബിജെപിയോടും ഒരു പ്രത്യേക അടുപ്പവുമില്ല. ഇടതുപക്ഷ മനോഭാവമാണ് എന്നും പ്രകടിപ്പിച്ചിട്ടുളളത് - വെളളാപ്പളളി പറഞ്ഞു.


സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനങ്ങൾക്ക് മറുപടിയായി തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുസ്ളീം പ്രീണനമാണെന്ന് വെളളാപ്പളളി ആവർത്തിച്ചതോടെ ഇരുസംഘടനകളും തമ്മിലുളള പോര് മൂർച്ഛിക്കാൻ തന്നെയാണ് സാധ്യത. മുസ്ലീം പ്രീണനം എന്ന വിമർശനം ഏതുകോണിൽ നിന്നുവന്നാലും അതിനെ കണക്കിലെടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിൻെറ ദേശിയ- സംസ്ഥാന നേതൃത്വങ്ങളുടെ ഉറച്ച തീരുമാനം. 

മത നിരപേക്ഷ നിലപാടിൻെറ അവിഭാജ്യ ഘടകമാണ് ന്യൂനപക്ഷ സംരക്ഷണം. കമ്മ്യൂണിസ്റ്റുകാർ ആഗോള തലത്തിൽ തന്നെ ഉയർത്തിപ്പിടിക്കുന്ന സമീപനമാണത്. മുസ്ളീം പ്രീണനം എന്ന ആക്ഷേപം വന്നാലും അതിൽ നിന്ന് കടുകിടെ പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിൻെറ നിലപാട്. പ്രീണനം എന്ന ആക്ഷേപത്തെ നിലപാട് പറഞ്ഞ് തന്നെ നേരിടാനാണ് നീക്കം. അതിൻെറ ഭാഗമായി ന്യൂനപക്ഷ സംരക്ഷണം മതനിരപേക്ഷ നിലപാടിൻെറ ഭാഗമാണെന്ന കാര്യത്തിൽ ബോധവൽക്കരണം നടത്തും.

Advertisment