വൈക്കം: പിടിക്കപ്പെടാതിരിക്കാന്‍ സി.ഡി.എമ്മിലൂടെ കൈക്കൂലി കൈമാറാന്‍ നിര്‍ദേശം, ഉപഭോക്താവിന് സി.ഡി.എം. ഉപയോഗിക്കാന്‍ അറിയില്ലെന്നു പറഞ്ഞതോടെ നേരിട്ടെത്തി സി.ഡി.എമ്മില്‍ കൈക്കൂലി പണം ഇടുന്നതിനിടെവൈക്കം ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍.
വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീല്‍ദാര്‍ (എല്‍.എ) ടി.കെ. സുഭാഷ് കുമാറിനെയാണു വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്നും വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍. രവികുമാര്‍ അറസ്റ്റു ചെയ്തത്.
മുളക്കുളം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്ക് വരവ് ചെയ്യാന്‍ മുളക്കുളം വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, 11 സെന്റ് മാത്രമാണു പോക്കു വരവു ചെയ്തു നല്‍കിയത്. ഇതിനെ അനോമിലി പരിഹരിക്കുന്നതിനായി താലൂക്ക് ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ സുഭാഷ്‌കുമാര്‍ 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ ഗഡുയായ 25,000 രൂപ കൈക്കൂലിയുമായി എത്തി. ഈ സമയം തുക സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍, പണം സി.ഡി.എമ്മില്‍ നിക്ഷേപിക്കാന്‍ അറിയില്ലെന്നു പരാതിക്കാരന്‍ അറിയിച്ചു. ഈ സമയം പരാതിക്കാരനെയും കൂട്ടി വൈക്കത്തെ എസ്.ബി.ഐ. സി.ഡി.എമ്മില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ എത്തുകയായിരുന്നു. ഈ സമയത്താണു വിജിലന്‍സ് സംഘം സ്ഥലത്ത് എത്തുകയും എ.ടി.എമ്മിനുള്ളില്‍ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നു വിജിലന്‍സ് സംഘം അറിയിച്ചു.