കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത് കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്തു നിന്നാണ്. ഷാജഹാന്‍ എന്ന പേരില്‍ ബേരത്ത് മരപ്പണി ചെയ്താണ് ഇയാള്‍ ജീവിച്ചിരുന്നത്. ഇവിടെനിന്ന് ഇന്നലെ അര്‍ധരാത്രി വാടക വീടു വളഞ്ഞാണ് എന്‍.ഐ.എ. സവാദിനെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ എന്‍.ഐ.എ. പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷമായി ലോക്കല്‍ പോലീസ് മുതല്‍ എന്‍.ഐ.എ. വരെയുള്ള സകല അന്വേഷണ ഏജന്‍സികളുടേയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ഇയാള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങി വിദേശരാജ്യങ്ങളില്‍ വരെ അന്വേഷണ സംഘം അന്വേഷണം നടത്തിയിരുന്നു.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലായിരുന്നു അധ്യാപകന് നേരെ ആക്രമണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന അശമന്നൂര്‍ സ്വദേശിയായ സവാദാണ് പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി മഴുകൊണ്ട് വെട്ടി മാറ്റിയത്.
54 പ്രതികളുള്ള കേസില്‍ മറ്റുപ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളില്‍ മൂന്നു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സവാദിനെ പിടികൂടിയ അന്വേഷണ സംഘത്തെ പ്രഫ. ടി.ജെ. ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ അന്വേഷണം പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.