ന്യൂയോര്‍ക്ക്: കുഞ്ഞുനാൾ മുതൽ തന്നെ എന്തും പൊരുതി നേടാനായിരുന്നു ഫ്രെഡ് ട്രംപിൻ്റെ അഞ്ചു മക്കളിൽ നാലാമനായ ഡൊണാൾഡ് ട്രംപിനിഷ്ടം. സ്വന്തം അഭിപ്രായങ്ങള്‍ ശക്തമായി അറിയിക്കാനുള്ള സ്വഭാവം ട്രംപിന് പണ്ടേ ഉണ്ടായിരുന്നു. ഒരു പരുക്കൻ.
ഈ സ്വഭാവം മാറ്റിയെടുക്കാൻ അച്ഛൻ അവനെ സൈനിക സ്കൂളിൽ ചേർത്തു. പക്ഷെ സൈനിക പരിശീലനത്തിലൂടെ ശരീരിക ക്ഷമത കൂടി നേടിയ ട്രംപ് കൂടുതൽ കരുത്തനായി.
ന്യൂയോർക്കിലെ ഒരു സ്വകാര്യ ബോർഡിംഗ് സ്കൂളിൽ ഹൈസ്കൂളിൽ ചേർന്നായിരുന്നു പഠനം. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂൾ ഓഫ് ഫിനാൻസ് ആൻഡ് കൊമേഴ്സിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ്, ന്യൂയോർക്ക് സിറ്റിയിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽ തൻ്റെ ആദ്യ രണ്ട് വര്‍ഷം ചെലവഴിച്ചാണ് ട്രംപ് പഠനം തുടർന്നത്.
ബിരുദം നേടിയ ശേഷം, ട്രംപ് ന്യൂയോർക്കിലെക്ക് മടങ്ങി, പിതാവിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ജോലി ചെയ്യാൻ തുടങ്ങി. പിതാവിനൊപ്പം ചേര്‍ന്നു എന്നതിലും ഉണ്ട് പ്രത്യേകത.
പിതാവിന്‍റെ ബിസിനസ് നോക്കി നടത്താന്‍ ആയിരുന്നില്ല ട്രംപ് ശ്രമിച്ചത്. പകരം പിതാവില്‍ നിന്നും കുറെ തുക കടം വാങ്ങി ആ തുക ഉപയോഗിച്ച് സ്വന്തം നിലയില്‍ ബിസിനസ് തുടങ്ങുകയായിരുന്നു.
1971-ൽ അദ്ദേഹം കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ്സുകളുടെ ഒരു ശേഖരത്തിൻ്റെ പ്രസിഡൻ്റാവുകയും പിന്നീട് ട്രംപ് ഓർഗനൈസേഷൻ എന്ന് അതിന് പേരിടുകയും ചെയ്തു.
ഇതിനിടയിലാണ് ട്രംപിന് രാഷ്ട്രീയത്തോട് ആഭിമുഖ്യം തോന്നിയത്. ഒരു കോടീശ്വരന്റെ അതിമോഹം.. പലരും അതിനെ കണ്ടത് അങ്ങനെയായിരുന്നു. അതും വെറും മോഹം ആയിരുന്നില്ല. മത്സരിക്കുന്നു എങ്കിൽ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്നെ ട്രംപ് ഉറപ്പിച്ചു - അത് കേട്ട് പലരും ചിരിച്ചു.
ഭരണപരിചയമില്ല, രാഷ്ട്രീയ പാരമ്പര്യമില്ല, സാമൂഹിക–സേവന രംഗങ്ങളിൽ സാന്നിധ്യവുമില്ല. ഉള്ളത് പണം മാത്രം. ഇപ്പോൾ മുഖ്യ എതിരാളിയായ ഡമോക്രാറ്റിക് പാർട്ടിയുടെ കൂടെയായിരുന്നു ട്രംപ് രാഷ്ട്രീയം തുടങ്ങിയത്.
വലിയ സ്വാധീനമൊന്നുമില്ലാത്ത റിഫോംസ് പാർട്ടിയിൽ ചേർന്ന് 2000 ൽ അവരുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനും ശ്രമിച്ചു. രാഷ്ട്രിയത്തിലെ പരിചയക്കുറവ് കാരണം പല വേദികളിലും ട്രംപ് ഹാസ്യ കഥാപാത്രമായി.
ജോർജ് ഡബ്യു. ബുഷ് ഭരണത്തിലിരുന്ന 2001–09 കാലയളവിൽ എതിർപാളയമായ ഡമോക്രാറ്റിക് പാർട്ടിയിലേക്ക് വീണ്ടും കുറുമാറി. 2009 ൽ റിപ്പബ്ലിക്കൻ പാർട്ടിയിലേക്കു മടങ്ങി.
എല്ലാം പ്രസിഡന്റ് ആവാനുള്ള 'പരീക്ഷണങ്ങൾ: സുന്ദരിമാർക്കൊപ്പമുള്ള ആഡംബര ജീവിതം ട്രംപിനെ പല വിവാദങ്ങളിലും കുരുക്കി. മോഡലിങ് രംഗത്ത് തിളങ്ങിയ ഇവാന സെൽനിക്കോവയുമായി 1977ൽ വിവാഹം.
ഈ ബന്ധത്തിൽ ഇവാൻക, ഡോണൾഡ് ജൂനിയർ, എറിക് എന്നീ മക്കൾ. 1990 ആയപ്പോഴേക്കും നടി മാർല മേപ്‌ൾസുമായുള്ള ബന്ധം പരസ്യമായി, ടാബ്ലോയ്‌ഡ് പത്രങ്ങളിൽ ഇതിന്റെ കഥകൾ നിറഞ്ഞു. 1991ൽ ഇവാന വിവാഹമോചനം നേടി. 1993 ഡിസംബറിൽ ട്രംപും മേപ്‌ൾസും വിവാഹിതരായി. 1997ൽ മേപ്‌ൾസുമായും വേർപിരിഞ്ഞു.
ട്രംപിന്റെ മൂന്നാം ഭാര്യയും മോഡലിങ് രംഗത്തുനിന്നുതന്നെ മെലാനിയ നോസ്. 2005 ൽ വിവാഹിതനാകുമ്പോൾ ട്രംപിന് 59 വയസ്. മെലാനിയയ്ക്ക് വയസ്സ് 35. ഇതും വലിയ വാർത്തയായിരുന്നു.
സിനിമ ടി വി ഷോ എന്നിങ്ങനെ മുഖം കാണിക്കാൻ പറ്റുന്നിടത്ത് എല്ലാം ട്രാംപ് താരമായി. ജനമനസ്സുകളിൽ നിറഞ്ഞു. സിനിമ കഥ പോലെയുള്ള ജിവിതത്തിനിടയിൽ സ്വന്തം വ്യവസായം പൊട്ടി പാപ്പരായി തീരുകയും ചെയ്തു ട്രംപ്.
സിനിമയിലെ ഹീറോയെപ്പോലെ അവിടെനിന്നും പക്ഷെ ട്രംപ് തിരിച്ചുകയറി. പതുക്കെ പതുക്കെ രാഷ്ട്രീയത്തിലും. ഒടുവിൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് അമേരിക്കയുടെ നേതൃനിരയിലേക്ക്. രണ്ടാം തവണ ജനം ട്രംപിനെ കൈവിട്ടു.
എന്നിട്ടും ആത്മവിശ്വാസം കൈവിടാതെ 78 -ാം വയസിലും ശ്രമം തുടര്‍ന്നു. മികച്ച വിജയത്തോടെ വീണ്ടും വൈറ്റ് ഹൌസിലേയ്ക്ക് നടന്നുകയറിയിരിക്കുകയാണ് ട്രംപ്. വ്യവസായത്തിൽ നിന്നും വൈറ്റ് ഹൗസിലേയ്ക്ക് ഉള്ള യാത്ര ആ വ്യക്തി ജീവിതം പോലെ സാഹസികത നിറഞ്ഞതായിരുന്നു.