Advertisment

രണ്ടാമൂഴമില്ല; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറി; രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി പിന്മാറുന്നുവെന്ന് പ്രഖ്യാപനം;  പുതിയ സ്ഥാനാർഥിയായി കമല ഹാരിസിനെ നിർദേശിച്ചു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറി. ബൈഡന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച അവസാനിപ്പിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

New Update
joe biden kamala harris

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറി. ബൈഡന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച അവസാനിപ്പിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

2025 ജനുവരിയിൽ തൻ്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രസിഡൻ്റും കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിലും താൻ തുടരുമെന്നും ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമമായ 'എക്‌സി'ല്‍ പങ്കുവച്ച കുറിപ്പില്‍ പ്രതികരിച്ചു.

"നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാല്‍ മാറിനില്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താല്‍പര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും''-ബൈഡന്‍ വ്യക്തമാക്കി.

റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ട്രംപിനെതിരെ കഴിഞ്ഞ മാസം നടത്തിയ ടെലിവിഷൻ സംവാദത്തിൽ ബൈഡന്‍ പതറിയിരുന്നു. ഇതോടെയാണ് ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായത്. ഓര്‍മ്മക്കുറവും, അനാരോഗ്യവും അദ്ദേഹത്തെ അലട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കമല ഹാരിസിന് പിന്തുണ

തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു. ഇത് സംബന്ധിച്ച് ബൈഡന്‍ പറഞ്ഞതിങ്ങനെ:

''2020 ലെ പാർട്ടി നോമിനി എന്ന നിലയിൽ എൻ്റെ ആദ്യ തീരുമാനം കമലാ ഹാരിസിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്. ഈ വർഷം ഞങ്ങളുടെ പാർട്ടിയുടെ നോമിനിയായ കമലയ്ക്ക് എൻ്റെ പൂർണ്ണ പിന്തുണയും അംഗീകാരവും വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഡെമോക്രാറ്റുകളെ, ഒരുമിച്ച് വന്ന് ട്രംപിനെ തോൽപ്പിക്കാനുള്ള സമയമാണിത്. നമുക്കത് ചെയ്യാം''

Advertisment