യോർക്ഷയർ: യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 177 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു.
121 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 101 പോയിന്റുമായി സ്കന്തൊർപ്പ് മലയാളി അസ്സോസ്സിയേഷൻ മൂന്നാംസ്ഥാനം നേടി.
കന്നിയങ്കത്തിൽ ഗ്രിംസ്ബി കേരളൈറ്റ്‌സ് 83 പോയിന്റുമായി നാലാം സ്ഥാനം നേടിയപ്പോൾ 24 പോയിന്റുമായി ഡബ്ല്യുവൈഎംഎയും 23 പോയിന്റുമായി നവാഗതരായ ചെസ്റ്റർഫീൽഡ് മലയാളി അസ്സോസ്സിയേഷൻ ആറാം സ്ഥാനവും നേടി.
ഒക്ടോബർ മാസം 5 -ാം തീയതി ശനിയാഴ്ച വാത്ത് സെന്റ് പയസ് കതൊലിക് സ്കൂൾ ഹാളിൽ രാവിലെ പത്തേകാലിനു ആരംഭിച്ച മത്സരങ്ങൾ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ഉത്‌ഘാടനം ചെയ്തു.
റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ അധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ റീജിയണൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ സ്വാഗതവും നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി.
ദേശീയ സമിതിയംഗം സാജൻ സത്യൻ ആശംസ അർപ്പിച്ചു. റീജിയണൽ വൈസ്പ്രസിഡന്റ് സിബി മാത്യു, ട്രഷറർ ജേക്കബ് കളപ്പുരക്കൽ, ആർട്സ് കോർഡിനേറ്റർ സംഗീഷ് മാണി, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റീജിയൻ കലാമേളകളുടെ തുടക്കം കുറിക്കുന്ന യോർക്ഷയറിലെ മത്സരങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുവാനായി യുക്മ ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ രാവിലെ തന്നെ മത്സരനഗരിയിൽ എത്തിച്ചേർന്നിരുന്നു.
യോർക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ചരിത്രത്തിൽ ആദ്യമായി നാലു സ്റ്റേജുകളിലാണ് കലാമത്സരങ്ങൾ അരങ്ങേറിയത്. റീജിയണിലെ 11 അസോസിയേഷനുകളിൽ നിന്നും 320 ൽപരം മത്സരാത്ഥികൾ പങ്കെടുത്ത ഓരോ ഇനങ്ങളിലും പ്രവചനാതീതമായ അത്യന്തം ആവേശം നിറഞ്ഞ മൽസരങ്ങളായിരുന്നു അരങ്ങേറിയത്.
ഗ്രിംസ്‌ബി അസോസിയേഷനിൽ നിന്നുള്ള നിയ സോണിക് കലാതിലക പട്ടവും സീനിയർ ഗ്രുപ്പ് ചാമ്പ്യനും ആയപ്പോൾ അതെ അസോസിയേഷനിലെ റിജിൽ റോസ് റിജോ ഭാഷ കേസരിപട്ടം നിലനിർത്തി.
ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഇവാ മരിയ കുര്യാക്കോസ് തുടർച്ചയായി നാലാം വർഷവും നാട്യമയൂരപട്ടവും ജൂനിയർ ചാമ്പ്യൻ സ്ഥാനവും നിലനിർത്തി.
ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ ശിവാനി സനോജ് കിഡ്സ് വിഭാഗത്തിലും ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ഫ്രേയ ബോസ് ഗ്രൂപ്പ് സബ് ജൂനിയർ വിഭാഗത്തിലും ഗ്രൂപ്പ് ചാപ്യന്മാരായി.
വൈകിട്ട് എട്ടുമണിക്ക് സമാപന സമ്മേളനം യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉത്‌ഘാടനം ചെയ്യുകയും ആദ്യസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സമയബന്ധിതമായി നടത്തിയ ഈ കലാമേള ഒരു വൻ വിജയമാക്കുവാൻ സഹായിച്ച അംഗ അസോസിയേഷൻ ഭാരവാഹികൾക്കും വോളണ്ടിയേഴ്സിനും സ്പോൺസർമാരായ ജി എം പി ഹെൽത്ത് കെയർ, ലൈഫ് ലൈൻ, ചാക്കോ കോട്ടേജ്, സെനിത് സോളിസിറ്റേഴ്സ്, ഏഡൻസ് ഫിഷ്, ന്റെ പീടിക ഷെഫീൽഡ്, ലാഭം ജനറൽ സ്റ്റോഴ്സ് സ്കൻതോർപ് എന്നീ സ്ഥാപങ്ങൾക്കും വ്യക്തിപരമായി സഹായിച്ച സ്റ്റാനി താഴപ്പള്ളിൽ, ഷാജി തോമസ്, ബിനോയ് ജോസഫ് എന്നിവർക്കും രുചികരമായ ഭക്ഷണം വിതരണം ചെയ്ത തക്കോലം റെസ്റ്ററന്റ് കാറ്ററിങ് സർവീസിനും ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം മനോഹരമായി കൈകാര്യം ചെയ്ത മ്യൂസിക് മിസ്റ്റിനും എല്ലാ വിധികർത്താക്കൾക്കും സ്റ്റേജ് മാനേജർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വർഗീസ് ഡാനിയേലും സെക്രട്ടറി അമ്പിളി സെബാസ്റ്റ്യനും അറിയിച്ചു.