ന്യൂയോര്‍ക്ക്: 2016ല്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തി 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയത്. വീണ്ടും ഒരിക്കല്‍ കൂടി അമേരിക്കയെ ഉന്നതിയില്‍ എത്തിക്കാന്‍ ട്രംപ് വൈറ്റ് ഹൗസില്‍ എത്തുകയാണ്. അമേരിക്കയുടെ 47 ആം പ്രസിഡന്റായി.
കഴിഞ്ഞ ജൂലൈ 13 ന് പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന റാലിയില്‍ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ട്രംപ് തുടര്‍ന്ന് നടത്തിയത് ഒരു പോരാട്ടം തന്നെയായിരുന്നു. കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളും ആണ് എതിരാളികളില്‍ നിന്ന് ട്രംപിന് ഏറ്റുവാങ്ങേണ്ടി വന്നത് .
എന്നാല്‍ വെല്ലുവിളികള്‍ക്ക് ഇടയിലും ട്രംപ് പ്രചാരണത്തിന്റെ എല്ലാ അവസരങ്ങളും കൃത്യമായി ഉപയോഗിച്ചു. കേസുകള്‍ ഓരോന്നും മറികടക്കുമ്പോള്‍ പ്രോസിക്യൂഷനുകള്‍ തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്നത് 'വിപരീത ഫലം' ആയിരിക്കുമെന്ന് ട്രംപ് ഓരോ പ്രചരണ വേദിയിലും പറഞ്ഞിരുന്നു.
ഒടുവില്‍ അദ്ദേഹം പറഞ്ഞത് ശരിയായി. പ്രവചനങ്ങളും അഭിപ്രായ സര്‍വേകളുമെല്ലാം എല്ലാം തെറ്റുകയും ചെയ്തു. ട്രംപ് വീണ്ടും അധികാരത്തിലേറുമ്പോള്‍ ഭാരതവും പ്രതീക്ഷയിലാണ്.
പ്രചരണ ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നല്ല സുഹൃത്തായി വിശേഷിപ്പിക്കുകയും ഇന്ത്യയുമായുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തയാളാണ് ട്രംപ്. രണ്ടാം ട്രംപ് യുഗത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും ആ നല്ല സൗഹൃദ ബന്ധം തന്നെ.
നയതന്ത്ര ബന്ധത്തിനൊപ്പം വ്യാപാരം, കുടിയേറ്റം തുടങ്ങിയ മേഖലകളിലാണ് യു.എസിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത്. ബൈഡന്‍ ഭരണകാലത്തും ഇന്ത്യ -യു.എസ് വ്യാപാര ബന്ധം മികച്ച രീതിയിലായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. അതിന്റെ തുടര്‍ച്ച ട്രംപിന്റെ ഭരണകാലത്ത് കൂടി ഉണ്ടായാല്‍ വലിയ മാറ്റങ്ങള്‍ ആവും സംഭവിക്കുക.
ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തിനുള്ള വലിയ സാധ്യതകളും ഇന്ത്യയും അമേരിക്കയും തുറന്നിടുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ചൈനയുടെ ഉയര്‍ച്ചയില്‍ നിന്നുരുത്തിരിയുന്ന നയതന്ത്ര പ്രശ്നങ്ങള്‍ ചൈനയെ ആഗോള ശത്രുവായി കാണുന്നത്തിലേക്ക് അമേരിക്കയെ നയിച്ചിട്ടുണ്ട്.
നിലവില്‍ ഇത് ഇന്ത്യയ്ക്കും സഹായകരമാവും. യുഎസ്, ജപ്പാന്‍, ഇന്ത്യ, ഓസ്ട്രേലിയ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ രൂപം നല്‍കിയ കൂട്ടായ്മയാണ് ക്വാഡ്. ഇന്തോ പസിഫിക് മേഖലയിലെ ചൈനയുടെ ഭീഷണി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മക്ക് രൂപം നല്‍കിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്തായിരുന്നു ഈ കൂട്ടായ്മ ഏറ്റവും ശക്തമായി തീര്‍ന്നത്.
ചൈനയില്‍ നിന്നുള്ള വലിയ വെല്ലുവിളി ഇന്ത്യ നേരിടുമ്പോഴാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തില്‍ ക്വാഡ് കൂട്ടായ്മ കൂടുതല്‍ ശക്തി പ്രാപിക്കും എന്നും വിശ്വസിക്കാം.
ഇന്ത്യന്‍ സുരക്ഷയെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്നതാണ് കാനഡയില്‍ നിന്നും ഉയരുന്ന ഖലിസ്ഥാന്‍ വിഘടനവാദം എന്നതില്‍ തര്‍ക്കമില്ല.
അതുകൊണ്ടുതന്നെ വിഘടനവാദം ഏതുകോണില്‍ നിന്നുയര്‍ന്നാലും അതിനെതിരെ കാര്യക്ഷമമായ നടപടി സ്വീകരിക്കുകയും വേണം എന്ന ഇന്ത്യയുടെ നയത്തിന് ട്രംപിന്റെ നിലപാട് എന്താവും എന്നതും കാത്തിരുന്നു കാണാം.
സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഏറെ പ്രസക്തം- ആഗോള സമാധാനത്തിനായി ഒറ്റക്കെട്ടായി ഒന്നിച്ചു നീങ്ങാം.