വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ഹോപ്പ് അഥവാ പ്രതീക്ഷ അടുത്ത വർഷം ജനുവരി 14 ന് പ്രസിദ്ധീകരിക്കും. മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ മാര്‍പാപ്പയായി മാറുകയാണ് ഫ്രാന്‍സിസ് പാപ്പ. റാന്‍ഡം ഹൗസ് പബ്ലിഷിംഗാണ് പുസ്തകം പ്രസിദ്ധികരിക്കുന്നത്.
നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണശേഷം ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ 2025 ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ മാര്‍പാപ്പ തീരുമാനിക്കുകയായിരുന്നു.
കത്തോലിക്ക സഭയില്‍ ഓരോ 25 വര്‍ഷവും ജൂബിലി വര്‍ഷമായി ആചരിക്കുന്നത്. വിശ്വാസികള്‍ക്ക് പ്രത്യേക കൃപയുടെയും തീര്‍ത്ഥാടനത്തിന്റെയും വര്‍ഷമായാണ് ജൂബിലി വര്‍ഷത്തെ പൊതുവേ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂബിലി വര്‍ഷം മാര്‍പാപ്പ ആത്മകഥ പ്രകാശനത്തിനായി തെരഞ്ഞെടുത്തത്.
2019 മാര്‍ച്ചില്‍ ഓര്‍മ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരുന്നു. 2025 ജനുവരി 14ന് എണ്‍പതിലധികം രാജ്യങ്ങളില്‍ പാപ്പയുടെ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പ് ലഭ്യമാകും.
തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തന്റെ കുടുംബത്തിന്റെയും ജനങ്ങളുടെയും ദൈവജനത്തിന്റെയും യാത്രയില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ കൂടെ പുസ്തകമാണിതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.