Advertisment

പത്തനംതിട്ട ശബരിമല എയർ പോർട്ട് കൊടുമണ്ണിൽ ഉടൻ തുടങ്ങുക - അടൂര്‍ മസ്കറ്റ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് റെജി ഇടിക്കുള

New Update
reji idikkula

മസ്കത്ത്: പത്തനംതിട്ട ജില്ലയിലെ നിർദിഷ്ട ശബരിമല എയർപോർട്ട് അടൂർ താലൂക്കിലെ കൊടുമണ്ണിൽ ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് അടൂർ മസ്കറ്റ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് റെജി ഇടിക്കുള.

Advertisment

പ്ലാന്റേഷൻ കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള 1200 ഹെക്ടറുള്ള സർക്കാർ സ്ഥലത്ത് സിയാൽ മോഡലിൽ എയർപോർട്ട് തുടങ്ങാൻ നിരവധി പ്രവാസികളും സംഘടനകളും മുന്നോട്ട് വന്ന് കൊടുമൺ ശബരി എയർപോർട്ട് ആക്ഷൻ കമ്മിറ്റിക്ക് പിൻതുണ അറിയിച്ചിട്ടുണ്ട്. 

ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ഈ പദ്ധതി നടപ്പിലാക്കാൻ കഴിയുന്ന അനുകൂല സാഹചര്യങ്ങൾ നിലവിലുള്ളത് കൊടുമണ്ണിനെ സംബന്ധിച്ച് യാതൊരു പരിസ്ഥിതി വിഷയങ്ങൾ ഇല്ലാത്തതും വനമേഖലയുമായി ഒരു ബന്ധവുമില്ലാത്തതിനാൽ വന്യജീവി ശല്യമോ ഒന്നും ഭയക്കേണ്ട കാര്യമില്ല.

എയർപോർട്ടിന്റെ നിർമ്മാണ സമയത്ത് 8000 ത്തോളം പേർക്ക് ജോലി ലഭിക്കും. പണി പൂർത്തീകരിച്ചു കഴിഞ്ഞാൽ സ്ഥിരമായി 600ലധികം പേർക്ക് ജോലി ലഭിക്കും. പത്തനംതിട്ട ജില്ലയിൽ എയർപോർട്ട് വരുന്നതോടുകൂടി ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം തുടങ്ങിയ സമീപ ജില്ലക്കാർക്കും എയർപോർട്ട് യാത്രാസൗകര്യം മെച്ചപ്പെടുത്താൻ കഴിയും. കൂടാതെ ആ ജില്ലകളിലെ വികസനത്തിന്റെ ആക്കം കൂട്ടുമെന്നും റെജി ഇടിക്കുള പറഞ്ഞു. 

നിലവിൽ ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഒരു പരിധിവരെ അറുതി ഉണ്ടാകും. ഏഷ്യയിലെ ഏറ്റവും വലിയ കൺവെൻഷനായ പത്തനംതിട്ടയിലെ മാരാമൺ കൺവെൻഷന് പങ്കെടുക്കാൻ എത്തുന്ന മറ്റ് സംസ്ഥാന, വിദേശികൾ, പ്രവാസികൾ തുടങ്ങിയവർക്ക് പുതിയ എയർ പോർട്ട് ഒരു അനുഗ്രഹമാകുന്നതിൽ തർക്കമില്ല.

കൊടുമണ്ണിൽ എയർപോർട്ട് വരുന്നതോടുകൂടി പത്തനംതിട്ട ജില്ലയുടെ വികസനത്തിന് വഴിവെക്കും, പ്രത്യേകിച്ച് പത്തനംതിട്ട, അടൂർ ടൗണുകളുടെ മുഖച്ഛായ മാറും. എല്ലാവിധത്തിലും എയർപോർട്ടുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തിലും പരോക്ഷത്തിലും ആയിരക്കണക്കിന് പേർക്ക് ജോലി ലഭിക്കും.

നിലവിലെ റോഡുകളുടെ നവീകരണം, പുതിയ റോഡുകൾ, ഹോട്ടലുകൾ, മാളുകൾ, കൺവെൻഷൻ സെന്ററുകൾ, ആശുപത്രിയുടെ തുടങ്ങി വൻ വികസന കുതിപ്പാണ് നടക്കാൻ പോകുന്നത്.

ഗൾഫ്, അമേരിക്ക, യൂറോപ്പ് മറ്റ് വിദേശരാജ്യങ്ങളിൽ ജോലിയും ബിസിനസ് ചെയ്യുന്നവരും വിദേശത്ത് പഠിക്കാൻ പോകുന്നവരും നിരവധിയുള്ള ജില്ലയാണ് പത്തനംതിട്ട. നിലവിൽ ഈ ജില്ലക്കാർ വിമാനയാത്രയ്ക്ക് ആശ്രയിക്കുന്നത് തിരുവനന്തപുരം, കൊച്ചി എയർപോർട്ടുകളെയാണ്. 

നിലവിൽ രണ്ട്  എയർപോർട്ടിലെക്കും മണിക്കൂറുകൾ നീണ്ട യാത്ര, ട്രാഫിക് ജാം എല്ലാം താണ്ടി എയർപോർട്ടിൽ എത്തുമ്പോഴേക്കും ക്ഷീണിച്ച് ഒരു പരുവം ആയിരിക്കും യാത്രക്കാർ. പിന്നീട് എയർപോർട്ടിലെ നീണ്ട നടപടിക്രമങ്ങൾ, അതിനുശേഷം നീണ്ട മണിക്കൂർ വിമാനയാത്ര.

ഇത്തരം ദുരിത യാത്രയ്ക്ക് അറുതി ഉണ്ടാകണമെങ്കിൽ പത്തനംതിട്ടയിലെ ശബരി എയർപോർട്ട് കൊടുമണ്ണിൽ തന്നെ വരാൻ വേണ്ട നടപടികൾ ഉത്തരവാദിത്തപ്പെട്ടവർ ഉടൻ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും മറ്റ് അഭ്യുതയ കാംക്ഷികളുമെന്ന് റെജി ഇടിക്കുള പറഞ്ഞു. 



Advertisment