Advertisment

എവറസ്റ്റ് അടക്കം ലോകത്തെ ഏറ്റവും ഉയരമുള്ള 8 പർവതങ്ങൾ, എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥ, പഴഞ്ചൻ റഡാറുകൾ, സുരക്ഷാ സംവിധാനങ്ങളില്ലാത്ത പഴയ ചെറുവിമാനങ്ങൾ... വിമാന സർവീസുകളുടെ ശവപ്പറമ്പായി നേപ്പാൾ. ലോകത്തെ ഏറ്റവും അപകടം പിടിച്ച വ്യോമമേഖല. ഇതുവരെ മരിച്ചത് 700ലേറെപ്പേ‌ർ. നേപ്പാളിലേക്ക് പറക്കൽ വിലക്കി യൂറോപ്യൻ യൂണിയൻ

നേപ്പാളിലെ ഭൂപ്രകൃതിയാണ് തുടർച്ചയായുള്ള വിമാന അപകടങ്ങൾക്ക് കാരണമാവുന്നത്. എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥയും വില്ലനാണ്. നേപ്പാളിന് മികച്ച റഡാർ സാങ്കേതികവിദ്യയില്ലാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.

New Update
kadhmandu airport

 

Advertisment

കാഠ്മണ്ഡു: ലോകത്തെ ഏറ്റവും അകടകരമായ വിമാനത്താവളങ്ങളുള്ള നേപ്പാളിൽ വിമാനാപകടങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയർലൈൻസ് വിമാനാപകടത്തിന്റെ നടുക്കം മാറുംമുൻപാണ് ശൗര്യ എയർലൈൻസ് ടേക്കോഫിനിടെ തകർന്ന് 18പേർ മരിച്ചത്.


30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണു നേപ്പാളിൽ തകർന്നു വീണത്. 1992ൽ കഠ്മണ്ഡുവിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തായ് എയർലൈൻസ് വിമാനം തകർന്ന് 167 പേർ മരിച്ചതാ‌ണു നേപ്പാളിലെ ഏറ്റവും വലിയ വിമാന അപകടം.


2022 മേയിൽ താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേർ മരിച്ചിരുന്നു. 1992ൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് കാഠ്മണ്ഡുവിൽ തകർന്നതാണ് വലിയ അപകടങ്ങളിലൊന്ന്. വിമാനത്തിലുണ്ടായിരുന്ന 167 പേരും അന്നു മരിച്ചു. രാജ്യത്ത് 2000 മുതലുണ്ടായ വിമാനം - ഹെലികോപ്റ്റർ അപകടങ്ങളിൽ 359 പേർ മരിച്ചെന്നാണു കണക്ക്.

നേപ്പാളിലെ ഭൂപ്രകൃതിയാണ് തുടർച്ചയായുള്ള വിമാന അപകടങ്ങൾക്ക് കാരണമാവുന്നത്. എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാവുന്ന കാലാവസ്ഥയും വില്ലനാണ്. നേപ്പാളിന് മികച്ച റഡാർ സാങ്കേതികവിദ്യയില്ലാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു.


എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 8 പർവതങ്ങളും നേപ്പാളിലാണ്. വ്യോമഗതാഗതം ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിലൊന്നാണ് നേപ്പാളിലേത്. മോശം കാലാവസ്ഥയിൽ അപകടഭീഷണി ഇരട്ടിയാകും. റോഡ് യാത്രാസൗകര്യങ്ങൾ കുറവും ദുർഘടവുമായതിനാൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത ചെറുവിമാനങ്ങളെ യാത്രക്കാർ ആഭ്യന്തര യാത്രയ്ക്കായി ആശ്രയിക്കുന്നു.


ചെറുവിമാനങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ അപകടസാധ്യത പതിന്മടങ്ങാണ്. വളരെ പഴക്കമേറിയ വിമാനങ്ങളാണ് ഇത്തരം യാത്രകൾക്ക് ഉപയോഗിക്കുന്നത്. മലനിരകളിലുളള വിമാനത്താവളങ്ങളിൽ മതിയായ റൺവേയോ സുരക്ഷാസാഹചര്യമോ ഇല്ല.

നേപ്പാളിലെ 43 വിമാനത്താവളങ്ങളിലും ഹ്രസ്വമായ ലാൻഡിങ് സ്ട്രിപ്പുകളാണുള്ളത്. ഇതും അപകടസാദ്ധ്യത ഏറ്റുന്നു. 1949ൽ നേപ്പാളിൽ വിമാന സർവീസ് ആരംഭിച്ചതിനു ശേഷം ചെറുതും വലുതുമായി എൺപതോളം അപകടങ്ങളുണ്ടായി. എഴുന്നൂറിലേറെപ്പേർ മരിച്ചു. നേപ്പാളിലേക്ക് സർവീസിന് 2013 മുതൽ യൂറോപ്യൻ യൂണിയന്റെ വിലക്കുണ്ട്.

നേപ്പാളിലെ പ്രധാന വിമാനാപകടങ്ങൾ ഇങ്ങനെ -  

  • 2022 മേയ് 29: പോഖരയിൽനിന്നു ജോംസോമിലേക്കു പറന്ന താര എയറിന്റെ വിമാനം മസ്താങ് ജില്ലയിൽ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിൽ തകർന്ന് 4 ഇന്ത്യക്കാരടക്കം 22 പേർ മരിച്ചു.
  • 2019 ഏപ്രിൽ 14 : ലുക്‌ല ടെൻസിങ് ഹിലരി വിമാനത്താവളത്തിൽനിന്നു പറന്നുയരാൻ ശ്രമിക്കുന്നതിനിടെ, ഹെലികോപ്റ്ററിൽ വിമാനം ഇടിച്ച് 3 പേർ മരിച്ചു.
  • 2018 മാർച്ച് 12: കഠ്മണ്ഡു വിമാനത്താവളത്തിൽ ബംഗ്ലദേശിലെ ധാക്കയിൽ നിന്നുള്ള യുഎസ്–ബംഗ്ല എയർലൈൻസ് വിമാനം തകർന്ന് 51 മരണം.
  • 2016 ഫെബ്രുവരി 24 : ജോംസോമിലേക്കുള്ള യാത്രയ്ക്കിടെ എയർലൈനിന്റെ ചെറുവിമാനം തകർന്ന് 23 മരണം.
  • 2012 സെപ്റ്റംബർ 28: സീത എയർവേയ്സിന്റെ ഡോണിയർ വിമാനം കഠ്മണ്ഡു വിമാനത്താവളത്തിൽ തകർന്ന് 19 പേർ മരിച്ചു.
  • 2012 മേയ് 14: ഡോണിയർ വിമാനം മലനിരകളിൽ തട്ടി തകർന്ന് മുക്തിനാഥ് ക്ഷേത്രത്തിലേക്കു പോയ ബാല ചലച്ചിത്രതാരം തരുണി സച്ദേവും അമ്മയും ഉൾപ്പെടെ 15 പേർ മരിച്ചു.
  • 2011 സെപ്റ്റംബർ 25: എവറസ്റ്റ് കണ്ടു മടങ്ങുന്ന വിനോദയാത്രാ സംഘത്തിന്റെ ചെറുവിമാനം തകർന്ന് 10 ഇന്ത്യക്കാർ ഉൾപ്പെടെ 19 പേർ മരിച്ചു.
  • 2010 ഡിസംബർ 15: ഭൂട്ടാനിൽ നിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച വിമാനം കിഴക്കൻ നേപ്പാളിൽ തകർന്ന് 22 മരണം.
  • 2010 ഓഗസ്റ്റ് 24: എവറസ്റ്റ് സന്ദർശനത്തിനു പുറപ്പെട്ട സംഘം സഞ്ചരിച്ച എയർ അഗ്നി ഡോണിയർ വിമാനം കഠ്‌മണ്ഡുവിന് സമീപം തകർന്ന് 14 പേർ മരിച്ചു.

അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യതി എയർലൈൻസ് വിമാനാപകടത്തിന് പിന്നാലെ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികളെടുക്കാൻ നേപ്പാൾ സർക്കാർ വിദഗ്ദ്ധ പാനൽ രൂപീകരിച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും വിമാനാപകടങ്ങൾ ഒഴിവാക്കാനാവുന്നില്ല.

നേപ്പാളിലെ പ്രമുഖ എയർലൈനുകളാണ് യെതി, താരാ എയർ എന്നിവ. യെതി എയർലൈൻസിന്റെ ആസ്ഥാനം കാഠ്മണ്ഡുവാണ്. യെതി എയർലൈൻസിന്റെ സഹോദര യൂണിറ്റാണ് താരാ എയർ. യെതി എയർലൈൻസും താരാ എയറും ഉൾപ്പെടെ നേപ്പാളിൽ സർവീസിലുള്ള ആഭ്യന്തര എയർലൈനുകൾ 9 എണ്ണമാണ്.

2000 മുതൽ യെതി, താരാ എയർ വിമാനങ്ങൾ അപകടത്തിൽപ്പെട്ട് നേപ്പാളിൽ മരിച്ചത് 165 പേരാണ്. ഇക്കാലയളവിൽ നേപ്പാളിൽ വിമാന - ഹെലികോപ്റ്റർ അപകടങ്ങളിൽ ആകെ 359 പേർ മരിച്ചെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഒഫ് നേപ്പാളിന്റെ കണക്ക്.

Advertisment