ഷാനവാസ് കാരിമറ്റം
മഡഗാസ്‌കർ: ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനായി കായിക പ്രേമികൾ മഡഗാസ്‌കറിലെ ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ഇടിച്ചു കയറിയതിനെ തുടർന്ന് 12 പേർ മരിക്കുകയും 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മഡഗാസ്‌കർ പ്രസിഡന്റ് പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണെന്ന് ക്രിസ്റ്റ്യൻ എന്റ്റ്‌സെ വ്യക്തമാക്കി. അത്ലറ്റിക്സ് ട്രാക്കിന് സമീപം പരിക്കേറ്റവരെ റെഡ് ക്രോസ് പ്രവർത്തകർ പരിചരിക്കുന്ന വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി രാജോലിന രാജ്യത്തെ അതിസംബോധന ചെയ്തു.
അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല, എന്നാൽ 2019-ൽ ഇതിനു സമാനമായി മഹാമസിന സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു.
മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി രാജോലീന വെള്ളിയാഴ്ച രാത്രി സ്റ്റേഡിയത്തിൽ കാണികളെ നേരിൽ കണ്ടു ''നിർഭാഗ്യകരമായ ഒരു സംഭവമാണ് ഉണ്ടായത്. പ്രവേശന കവാടത്തിൽ തിക്കിലും തിരക്കിലും കുടുങ്ങിയാണ് ദുരന്തം സംഭവിച്ചത്. പലർക്കും ഒരുപാട് പരിക്കുകൾ ഉണ്ടായിരുന്നു' ഇവർ പറഞ്ഞു. ഇതിനു ശേഷം മൗനാചരണവും നടത്തി. പിന്നീട് ലേസർ ഷോയും കരിമരുന്ന് പ്രയോഗവും നടത്തി ഗെയിംസിന്റെ ഉത്ഘാടന ചടങ്ങുകൾ തുടർന്നു.
ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസ് 1977-ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സൃഷ്ടിച്ചതാണ്, കൊമോറോസ്, മഡഗാസ്‌കർ, മാലിദ്വീപ്, മൗറീഷ്യസ്, മയോട്ട്, റീയൂണിയൻ, സീഷെൽസ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങളാണ് ഇവിടെ നടക്കുന്ന മൽസരങ്ങളിൽ പങ്കാളികളാകുന്നത്.