Advertisment

ഫിസിക്‌സില്‍ പിഎച്ച്ഡി, നിരവധി ഭാഷകളില്‍ പ്രാവീണ്യം, ലെബനനിലെ സ്‌ഫോടനപരമ്പരയ്ക്ക് ശേഷം അപ്രത്യക്ഷം ! ആരാണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ ?

ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്ന വനിതയാണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ

New Update
Cristiana Barsony Arcidiacono

ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ രാജ്യാന്തര മാധ്യമങ്ങളിലടക്കം ചര്‍ച്ചയാകുന്ന വനിതയാണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ. ലെബനനിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട പേജറുകൾക്ക് ഡിസൈൻ ലൈസൻസ് നൽകിയ ഒരു കമ്പനിയുടെ സിഇഒ ആണ് ഈ ഹംഗേറിയന്‍ യുവതി. പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ പിഎച്ച്ഡിയുള്ള ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ ഏഴ് ഭാഷകളിൽ പ്രാവീണ്യവും നേടിയിട്ടുണ്ട്.

Advertisment

തായ്‌വാനീസ് നിർമ്മാതാക്കളായ ഗോൾഡ് അപ്പോളോയിൽ നിന്ന് യുവതിയുടെ കമ്പനി പേജർ ഡിസൈനിന് ലൈസൻസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ പേജർ ഇടപാടിലെ  ഒരു ഇടനിലക്കാരി മാത്രമാണെന്നും, തന്നെ തെറ്റിദ്ധരിച്ചതാണെന്നും ബാർസണി ആർസിഡിയാക്കോണോ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ലെബനനിലെ സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷം ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ബുഡാപെസ്റ്റ് ആസ്ഥാനമായുള്ള സ്ഥാപനമായ ബിഎസി കൺസൾട്ടിങ്ങിൻ്റെ സിഇഒ ആണ് ക്രിസ്റ്റ്യാന ബാർസണി ആർസിഡിയാക്കോണോ. 2000ന്റെ തുടക്കത്തില്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണ് ഇവര്‍ പിഎച്ച്ഡി നേടിയത്. പോസിട്രോണുകളുമായി ബന്ധപ്പെട്ടുള്ള പഠനത്തിനായിരുന്നു പിഎച്ച്ഡി ലഭിച്ചത്.

എന്നാല്‍ പഠനത്തിന് ശേഷം ഇവര്‍ ശാസ്ത്ര മേഖലയില്‍ നിന്ന് അകന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനക്കേസില്‍ തന്റെ മകള്‍ക്ക് പങ്കില്ലെന്ന് ക്രിസ്റ്റാനയുടെ അമ്മ ബിയാട്രിക്സ് ബാർസണി ആർസിഡിയാക്കോണോ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. മകള്‍ പേജർ ഇടപാടിലെ ഒരു ഇടനിലക്കാരി മാത്രമായിരുന്നുവെന്നായിരുന്നു അവരുടെയും പ്രതികരണം. 

സ്‌ഫോടനം നടന്നതിന് ശേഷം ക്രിസ്റ്റ്യാനയെ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തുടര്‍ന്ന് റോയിട്ടേഴ്‌സ് പ്രതിനിധികള്‍ യുവതിയുടെ പ്രതികരണം തേടിയിട്ടും ലഭിച്ചില്ല.  ബുഡാപെസ്റ്റ് ഡൗണ്ടൗണിലെ ക്രിസ്റ്റ്യാനയുടെ വസതി സന്ദർശിച്ചിട്ടും ഫലമുണ്ടായില്ല. 

ബിഎസി കൺസൾട്ടിംഗ് ഹംഗറിയിൽ നിർമ്മാണ സൗകര്യങ്ങളില്ലാത്ത ഒരു 'വ്യാപാര-ഇടനില കമ്പനി' ആണെന്ന് ഹംഗേറിയൻ സർക്കാർ വ്യക്തമാക്കി. പേജറുകള്‍ ഹംഗറിയില്‍ ഉണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ പ്രതികരിച്ചു.

 മകള്‍ നിലവില്‍ ഒരു സുരക്ഷിത സ്ഥലത്തുണ്ടെന്നും, ഹംഗേറിയന്‍ സീക്രട്ട് സര്‍വീസിന്റെ സംരക്ഷണത്തിലാണെന്നും ബിയാട്രിക്സ് ബാർസണി ആർസിഡിയാക്കോണോ വ്യക്തമാക്കി. എന്നാല്‍ ഹംഗറിയിലെ നാഷണല്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍ സര്‍വീസ് ബിയാട്രിസിന്റെ ഈ അവകാശവാദം തള്ളി. യുവതിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നാണ് അവരുടെ വാദം. 

 

 

 

 

Advertisment