ഒട്ടാവ: കാനഡയില്‍ പഠിക്കാനെത്തിയ പതിനായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍ വ്യാജ രേഖ ചമച്ചാണ് അഡ്മിഷന്‍ എടുത്തതെന്ന് റിപ്പോര്‍ട്ട്. കോളേജുകളിലെ അഡ്മിഷന്‍ ലെറ്ററിലാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി.
ഐആര്‍സിസിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ബ്രോണ്‍വിന്‍ മെയ് ആണ് ഒരു പാര്‍ലമെന്ററി കമ്മിറ്റിമുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവേശന കത്തുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം 500,000 അപേക്ഷകളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രേഖകള്‍ കണ്ടെത്തുകയും ചെയ്തു. 93% കത്തുകള്‍ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചപ്പോള്‍, 2% വ്യാജമാണെന്ന് തിരിച്ചറിഞ്ഞു, 1% കത്തുകള്‍ റദ്ദാക്കിയ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ടതാണ്. പല കേസുകളിലും കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കത്തുകളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളായി കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ചിലര്‍ അവരുടെ വിസ അപേക്ഷകള്‍ക്കൊപ്പം കനേഡിയന്‍ കോളേജുകളില്‍നിന്ന് ലഭിച്ചു എന്നു പറയുന്ന വ്യാജ അഡ്മിഷന്‍ ലെറ്ററാണ് ഹാജരാക്കിയിരിക്കുന്നത്.
കനേഡിയന്‍ കോളേജിലോ സര്‍വ്വകലാശാലയിലോ പഠിക്കാന്‍ അവര്‍ക്ക് അഡ്മിഷന്‍ ലഭിച്ചു എന്നു കാണിക്കുന്നതാണ് ലെറ്റര്‍. കാനഡയുടെ ഇമിഗ്രേഷന്‍ ഓഫീസ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തിന് പിന്നാലെ വിസ അപ്ലിക്കേഷനുകളില്‍ സൂഷ്മ പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ വിഭാഗം തീരുമാനിച്ചു.
2023ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ലൈസന്‍സില്ലാത്ത ഒരു കണ്‍സള്‍ട്ടന്റ് വ്യാജ പ്രവേശന കത്തുകള്‍ നല്‍കിയതിനെ തുടര്‍ന്ന് നാടുകടത്തല്‍ നേരിട്ട സംഭവത്തെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അംഗീകാര കത്തുകള്‍ ആധികാരികമായി സമര്‍പ്പിക്കാനാണ് അപേക്ഷകരോട് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. കാനഡയ്ക്കകത്തും പുറത്തും സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഈ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.