കാന്‍ബെറ: തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാനഡ യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറയില്‍ വിദേശകാര്യ മന്ത്രി പെന്നി വ്രോങ്ങുമായി നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ജയ്ശങ്കര്‍ കാനഡക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ചത്.
ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെതുടര്‍ന്ന് കാനഡുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജയ്ശങ്കറിന്റെ പ്രസ്താവന.
ഞായറാഴ്ചയാണ് ഖലിസ്ഥാന്‍ വിഘടനവാദികളായ പ്രതിഷേധക്കാര്‍ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്.