സിംഗപ്പൂര്‍: മനുഷ്യ ശരീരത്തിനുള്ളില്‍ എവിടെയും കടന്നു ചെന്ന് മരുന്നുകള്‍ വിതരണം ചെയ്യാന്‍ കഴിവുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തു. സിംഗപ്പൂരിലെ എന്‍ടിയുവിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരവും ഏറെ പ്രതീക്ഷാ നിര്‍ഭരവുമായ ഈ കുഞ്ഞന്‍ റോബോട്ടിന്‍റെ സ്രഷ്ടാക്കള്‍. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകളിലേയ്ക്ക് ഈ കുഞ്ഞന്‍ റോബോട്ടുകളുടെ പ്രവര്‍ത്തനം സഹായകമാകും എന്നാണ് വിലയിരുത്തല്‍.
എന്‍ടിയുവിന്‍റെ സ്കൂള്‍ ഒഫ് മെക്കാനിക്കല്‍ ആന്‍ഡ് എയ്റോസ്പേസ് എന്‍ജിനീയറിങിലെ എന്‍ജിനീയര്‍മാരാണ് ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തിലേയ്ക്ക് നാലു വ്യത്യസ്ത മരുന്നുകള്‍ വരെ കൊണ്ടു പോകാനും വ്യത്യസ്ത ഡോസുകളില്‍ നല്‍കാനും കഴിയുന്ന മിനിയേച്ചര്‍ റോബോട്ടുകളുടെ കന്നിയങ്കമാണ് ഇത്.
ഈ മിനിയേച്ചര്‍ റോബോട്ടുകള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതും ചികിത്സാഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ ശേഷിയുള്ള കൃത്യതയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതുമാണ് എന്ന് ഗവേഷക സംഘം ഉറപ്പു നല്‍കുന്നുണ്ട്.രോഗിക്കായി നിശ്ചയിച്ച മരുന്നു വിതരണത്തിനായി ഈ റോബോട്ടുകളെ കാന്തിക ക്ഷേത്രങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്.