ഡല്‍ഹി: കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിലെ വാക്ക്-ഇന്‍ ഓവനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 19 കാരിയെ മറ്റൊരാളാണ് ഓവനിലേക്ക് എറിഞ്ഞതെന്ന് താന്‍ വിശ്വസിക്കുന്നതായി ഒരു ജീവനക്കാരിയാണ് മൊഴി നല്‍കിയത്.
ഒക്ടോബര്‍ 19 നാണ് 19കാരിയായ ഗുര്‍സിമ്രാന്‍ കൗറിനെ ഹാലിഫാക്സിലെ സൂപ്പര്‍ സ്റ്റോറിലെ വാക്ക്-ഇന്‍ ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയാണ് മകളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മരണകാരണവും രീതിയും സ്ഥിരീകരിക്കുന്ന തരത്തില്‍ അന്വേഷണം ഇതുവരെ എത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യുവതിയെ വാക്ക്-ഇന്‍ ഓവനില്‍ പൂട്ടിയിട്ട് ചുട്ടുപഴുപ്പിച്ച് കൊന്നതാകാമെന്നാണ് ഒരു ജീവനക്കാരി അഭിപ്രായപ്പെട്ടത്.
ടിക് ടോക്കിലെ ഒരു വീഡിയോയില്‍ സഹപ്രവര്‍ത്തകയായ ക്രിസ് ബ്രീസി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുമ്പോള്‍ ഓവന്‍ പുറത്ത് നിന്ന് ഓണാക്കിയെന്നും ഡോര്‍ ഹാന്‍ഡില്‍ തുറക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞതായി ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുപ്പിനുള്ളില്‍ ഒരു എമര്‍ജന്‍സി ലാച്ച് ഉണ്ടെന്നും ഒരു തൊഴിലാളിക്ക് ശാരീരികമായി അടുപ്പിലേക്ക് പ്രവേശിക്കേണ്ട ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.