ബംഗളൂരു: ബംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഈമാസം മുതൽ ഓടിതുടങ്ങിയേക്കും. സംസ്ഥാനത്തെ മൂന്നാമത് വന്ദേഭാരത് ആണിത്. ചെന്നൈ-ബംഗളൂരു-മൈസൂരു, ബംഗളൂരു-ഹുബ്ബള്ളി വന്ദേഭാരത് ട്രെയിനുകൾക്കുശേഷം വരുന്ന മൂന്നാമത് ട്രെയിൻ ആണിത്.
ബംഗളൂരുവിലെ യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഹൈദരാബാദിലെ കച്ചിഗുഡ സ്റ്റേഷനിൽ എത്തുന്നതാണിത്. ഈ ട്രെയിൻ രണ്ട് ഐ.ടി നഗരങ്ങളും തമ്മിലുള്ള യാത്രാസമയം ഏറെ കുറക്കും. ട്രെയിനിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾക്കുശേഷം ട്രെയിൻ ഈ മാസം ഓടിത്തുടങ്ങുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉദ്ഘാടന ദിവസം, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. സ്ഥിരമായി ബംഗളൂരുവിനും ഹൈദരാബാദിനും ഇടയിൽ സഞ്ചരിക്കുന്ന ബിസിനസുകാർ, വിദ്യാർഥികൾ, ഐ.ടി മേഖലയിലുള്ളവർ എന്നിവർക്കൊക്കെ ഈ ട്രെയിൻ ഏറെ സൗകര്യപ്രദമാകും. കഴിഞ്ഞ ജൂൺ 27നാണ് ബംഗളൂരു-ഹുബ്ബള്ളി- ധാർവാർഡ് വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയത്.
ചൊവ്വാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് ഇതിന്റെ സർവിസ്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ധാർവാർഡ്, ഹുബ്ബള്ളി, ദാവൻഗരെ എന്നിവയെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ യാത്രാസമയം ഏഴു മണിക്കൂറാക്കിയാണ് കുറച്ചിരിക്കുന്നത്. മറ്റുള്ള ട്രെയിനുകൾക്ക് ഒമ്പതുമണിക്കൂർ വേണം. കഴിഞ്ഞ വർഷം നംവബറിലാണ് ചെന്നൈ-ബംഗളൂരു-മൈസൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ആണിത്.