ന്യൂഡല്‍ഹി: ബിരുദ പഠനത്തിൽ വിപ്ലവകരമായ മാറ്റവുമായി യു.ജി.സി രംഗത്തെത്തിയത് വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാവുന്നതാണ്. സർവകലാശാല പ്രവേശനങ്ങളിൽ വമ്പൻ മാറ്റമാണ് പ്രഖ്യാപിച്ചത്. സർവകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർഷത്തിൽ രണ്ട് തവണ പ്രവേശനമാക്കാനാണ് തീരുമാനം. യുജിസി ചെയർമാൻ ജഗ്ദീഷ് കുമാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജൂലായ്-ഓഗസ്റ്റ്, ജനുവരി- ഫെബ്രുവരി എന്നീ മാസങ്ങളിൽ വിദ്യാർഥികൾക്ക് കോളേജുകൾ അഡമിഷനെടുക്കാം. വിദേശ സർവകലാശാലകളിലെ പ്രവേശന രീതി മാതൃകയാക്കിയാണ് പുതിയ മാറ്റം എന്നാണ് യുജിസി വിശദീകരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പച്ചക്കൊടിയും ഇതിനുണ്ട്.
സർവകലാശാലകൾക്ക് വർഷത്തിൽ രണ്ട് തവണ അഡ്മിഷൻ നൽകാനായാൽ അത് നിരവധി വിദ്യാർഥികൾക്ക് ഗുണം ചെയ്യും. സ്വകാര്യ ആവശ്യങ്ങൾ, ആരോഗ്യ ബുദ്ധിമുട്ടുകൾ, പ്ലസ്ടു ബോർഡ് ഫലം വൈകുക എന്നീ കാരണങ്ങൾ പലതുകൊണ്ടും ജൂലായിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർക്ക് അതേവർഷം തന്നെയുള്ള അടുത്ത സെഷനിൽ അപേക്ഷിക്കാം. ഒരു വർഷം കളയേണ്ട ആവശ്യം വരുന്നില്ല. 2013 മുതൽ ഓപ്പൺ/ ഡിസ്റ്റൻസ് വിദ്യാഭ്യാസ രംഗത്ത് ഈ മാറ്റം നടപ്പിലാക്കിയിരുന്നു. വിദ്യാർഥികളിൽനിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടർന്നാണ് റെഗുലർ വിദ്യാഭ്യാസത്തിലും ഈ മാറ്റം കൊണ്ടുവരുന്നത്.
നിലവിലെ തീരുമാന പ്രകാരം ഈ അക്കാദമിക്ക് വർഷത്തെ ജൂലൈ ഓഗസ്റ്റ് മാസത്തിലെ പ്രവേശനം സാധാരണ ഗതിയിൽ നടക്കും. അതിന് ശേഷം ജനുവരി ഫെബ്രുവരി മാസവും ആവശ്യമെങ്കിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. ഇത് എല്ലാ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കണമെന്നില്ല. ആവശ്യമുള്ള സ്ഥാപനങ്ങൾ ഈ രീതിയിലേക്ക് മാറ്റാം.
നാലുവർഷ ബിരുദ കോഴ്സിനിടെ രാജ്യത്തെ ഏത് സർവകലാശാലയിലേക്കോ കോളേജിലേക്കോ പഠനം മാറ്റാൻ (സ്റ്റുഡന്റ് മൊബിലിറ്റി) വിദ്യാർത്ഥികൾക്ക് അവസരമുണ്ടാവും.
രണ്ട്, മൂന്ന്, നാല് വർഷങ്ങളുടെ തുടക്കത്തിലാവും മാറാനാവുക. പരമാവധി രണ്ടുതവണ മാറ്റം അനുവദിക്കും. രണ്ട് തരത്തിലാണ് കോളേജ്, യൂണിവേഴ്സിറ്റി മാറ്റത്തിന് അവസരമൊരുക്കുന്നത്. ദേശീയതലത്തിലെ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ അക്കൗണ്ടുള്ള സ്ഥാപനങ്ങൾ തമ്മിൽ വിദ്യാർത്ഥികൈമാറ്റത്തിന് വ്യവസ്ഥയുണ്ട്. ഇതിന് പുറമെ ദേശീയതലത്തിൽ കോളേജുകളും യൂണിവേഴ്സിറ്റികളും ധാരണയിലെത്തുകയാണ് രണ്ടാമത്തേത്.
കേരളത്തിലെ എല്ലാ സർവകലാശാലകളും അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ അക്കൗണ്ടെടുത്തു. ഇതിലുള്ള എല്ലാ യൂണിവേഴ്സിറ്റികളും വിദ്യാർത്ഥികളുടെ ക്രെഡിറ്രുകൾ പരസ്പരം അംഗീകരിക്കും. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ക്രെഡിറ്റ് ട്രാൻസ്ഫറിന് ഉടൻ അംഗീകാരം നൽകും. ഇതിനായി എല്ലായിടത്തും 10% സീറ്റുകൾ അധികമായി സൃഷ്ടിക്കും. മൂന്നുവർഷ പഠനത്തിനു ശേഷം നാാലംവർഷം ഓണേഴ്സ് നേടാനുള്ള ഗവേഷണത്തിനു മാത്രമായും യൂണിവഴ്സിറ്റി മാറ്റം അനുവദിക്കും. പ്രവേശന സമയത്ത് വിദ്യാർത്ഥികൾക്ക് ആധാറിന് സമാനമായ 12 അക്കങ്ങളുള്ള അപാർ-ഐഡി (ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) നൽകും. അപാർ ഐ.ഡിയും ദേശീയതലത്തിലുള്ള അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റുമായി ബന്ധിപ്പിക്കും.
വിദ്യാർത്ഥികൾ നേടുന്ന ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ നിക്ഷേപിക്കും. ഇതാണ് മറ്റിടങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത്. ഈ കൈമാറ്റത്തിൽ സിലബസിനല്ല, ക്രെഡിറ്റിനാണ് പ്രാമുഖ്യം. ഓരോ വർഷവും നേടിയിരിക്കേണ്ട നിശ്ചിത ക്രെഡിറ്റ് സ്കോറുകൾ ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുണ്ട്. അതിനാലാണ് സിലബസ്, കോഴ്സ് സമാനമല്ലെങ്കിലും ക്രെഡിറ്റ് ട്രാൻസ്ഫർ സാദ്ധ്യമാവുന്നത്. ഓരോ തലത്തിലും നേടേണ്ട നിശ്ചിത ക്രെഡിറ്രുകൾ ആർജ്ജിച്ചിരിക്കണമെന്ന് മാത്രമാണ് വ്യവസ്ഥ. ലോകത്തെവിടെ നിന്നും ഓൺലൈൻ കോഴ്സുകൾ പഠിച്ച് ക്രെഡിറ്റുകൾ ആർജ്ജിക്കാം. ഇതും മറ്രിടങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാം.
ബിരുദം നൽകേണ്ട സർവകലാശാലയിൽ നിന്ന് കോഴ്സിന്റെ പകുതി ക്രെഡിറ്റുകൾ നേടിയിരിക്കണമെന്നാണ് വ്യവസ്ഥ. പകുതിയേ മറ്റിടങ്ങളിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാനാവൂ. ഉദാഹരണത്തിന് കേരള സർവകലാശാലയിൽ നിന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് മാറുന്ന വിദ്യാർത്ഥിക്ക് ഡൽഹിയിൽ നിന്നാണ് ബിരുദം വേണ്ടതെങ്കിൽ പകുതി ക്രെഡിറ്റ് അവിടെനിന്നായിരിക്കണം. കേരളത്തിൽ നിലവിൽ കുസാറ്റിൽ ക്രെഡിറ്റ് ട്രാൻസ്ഫർ അനുവദിക്കുന്നുണ്ട്. വാഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിൽ സയൻസിന് 15ഉം ആർട്സ്, കോമേഴ്സ് വിഷയങ്ങൾക്ക് 20ഉം സീറ്റുകളാണുള്ളത്. കോളേജുകളിൽ സൗകര്യങ്ങൾക്കനുസരിച്ച് സീറ്റുണ്ടാവും.
ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ മുതൽ പഠനം നിറുത്താവുന്ന 'മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രി' സമ്പ്രദായം കേരളത്തിൽ നടപ്പാക്കുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുണ്ട്. അതിനാൽ രണ്ടാംവർഷം മുതൽ അവിടങ്ങളിൽ മാറിവരുന്നവർക്ക് പ്രവേശനം നൽകാം. 'മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രി' പ്രകാരം ഒരുവർഷം പഠിച്ചശേഷം നിറുത്തിപ്പോയാൽ കോഴ്സ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും മൂന്നാംവർഷം ബാച്ചിലർ ബിരുദവും നാലുവർഷം പൂർത്തിയാക്കിയാൽ ഓണേഴ്സ് ബിരുദവും നൽകാനാണ് കേന്ദ്ര നിർദ്ദേശം. കേരളത്തിൽ മൂന്നാംവർഷം ബിരുദം നേടി ഒറ്റ എക്സിറ്റ് മാത്രമേ അനുവദിക്കൂ. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ഡിഗ്രി ലഭിക്കും. ഓണേഴ്സുണ്ടെങ്കിൽ പി.ജിയില്ലാതെ ഗവേഷണത്തിനും നെറ്റിനും അപേക്ഷിക്കാനാവും.
നാലുവർഷ ബിരുദം പൂർത്തിയാക്കാനുള്ള പരമാവധി കാലാവധി 7 വർഷമാണ്. ഇതിനിടയിൽ ഒരുതവണ ബ്രേക്ക് (ഇടവേള) എടുക്കാൻ അവസരമുണ്ട്. അവധിയെടുത്താൽ 3 വർഷത്തിനകം തിരികെവന്ന് അതേ കോളേജിലോ മറ്റെവിടെയെങ്കിലുമോ കോഴ്സ് പൂർത്തിയാക്കേണ്ടിവരും. ഓണേഴ്സ് നേടുന്നവർക്ക് ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാം.