ഡെറാഢൂണ്‍: ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം അപകടകരമായ നിലയിലെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ഘടനാപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്. അടിത്തറ ദുര്‍ബലമാവുകയും ചെയ്തു.
കുരുക്ഷേത്രയുദ്ധത്തിനു ശേഷം പാണ്ഡവർ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർക്ക് ഈ സാഹചര്യം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
ബദരിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ തലവൻ അജേന്ദ്ര അജയ് ആണ് ക്ഷേത്രത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയത്.
ഈ വെല്ലുവിളികളെ നേരിടാൻ, പുനരുദ്ധാരണ രീതികൾ സജീവമാക്കാന്‍ കമ്മിറ്റി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) എന്നിവയെ സമീപിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ തകർച്ച ലഘൂകരിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി രണ്ട് സംഘടനകളും സെപ്റ്റംബറിൽ വിദഗ്ധ സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചു.
സ്ഥലം സന്ദര്‍ശിച്ച് ശുപാർശകൾ നല്‍കിയതായും, ഇനി ക്ഷേത്ര കമ്മിറ്റിയും ഉത്തരാഖണ്ഡ് സർക്കാരുമാണ് ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതെന്നും എഎസ്ഐ സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് മനോജ് സക്‌സേന പറഞ്ഞു.
ക്ഷേത്രത്തിൻ്റെ ഘടനാപരമായ സമഗ്രത ഉറപ്പാക്കാൻ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (സിബിആർഐ) സഹായവും ക്ഷേത്ര കമ്മിറ്റി തേടിയിട്ടുണ്ട്. സർക്കാർ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകുമെന്ന് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു.