ചെന്നൈ: ലാത്തി പിടിച്ചു വാങ്ങി പൊലീസുകാരെ അടിച്ചോടിച്ച് മദ്യപസംഘം. തമിഴ്നാട്ടിലെ വിരുദുനഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരകളായത്.
വെള്ളിയാഴ്ച രാത്രി തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയില്‍ മദ്യപിച്ചെത്തിയ ഒരുകൂട്ടം ആളുകള്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസുകാര്‍ എത്തിയത്.
പോലീസുകാരായ രാംകുമാറും കറുപ്പസാമിയും സംഘത്തെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ ഒരാള്‍ പോലീസില്‍ നിന്ന് ബാറ്റണ്‍ പിടിച്ചെടുക്കുകയും രാംകുമാറിനെ ആക്രമിക്കുകയും ചെയ്തു.
സംഘത്തെ തടയാന്‍ കറുപ്പസാമി ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ തള്ളിമാറ്റി. സംഭവം ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഫോണ്‍ തട്ടിയെടുക്കുകയും മറ്റൊരാള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു.
സമീപത്തുണ്ടായിരുന്ന ഒരാളാണ് സംഭവം മൊബൈലില്‍ പകര്‍ത്തിയത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തി രാംകുമാറിനെയും കറുപ്പസാമിയെയും രക്ഷപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ പരാതിയെ തുടര്‍ന്ന് പാല്‍പാണ്ടി, കിളിരാജന്, പാഞ്ജലി രാജ, പാണ്ഡ്യരാജ് എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികളില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ള രണ്ടുപേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.