Advertisment

പടക്കം പൊട്ടുന്നത് പോലെ കേട്ടു; വെടിവച്ചത് ബൈക്കിലെത്തിയ രണ്ട് പേര്‍; തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിച്ചത് ലോറന്‍സ് ബിഷ്‌ണോയിയെന്ന് സല്‍മാന്‍ ഖാന്‍; ഇത് ആദ്യമായല്ലെന്നും താരം

തന്നെയും കുടുംബത്തെയും കൊല്ലാൻ ലക്ഷ്യമിട്ട് തൻ്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പിന് പിന്നിൽ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് വിശ്വസിക്കുന്നുവെന്ന് നടന്‍ സല്‍മാന്‍ ഖാന്‍

New Update
salman Untitledm77.jpg

മുംബൈ: തന്നെയും കുടുംബത്തെയും കൊല്ലാൻ ലക്ഷ്യമിട്ട് തൻ്റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പിന് പിന്നിൽ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് വിശ്വസിക്കുന്നുവെന്ന് നടന്‍ സല്‍മാന്‍ ഖാന്‍.

Advertisment

വെടിവയ്പുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച 1,735 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിൻ്റെ എക്‌സ്‌റ്റോർഷൻ സെൽ സല്‍മാന്‍ ഖാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഏപ്രിൽ 14 ന് പുലർച്ചെയാണ് വെടിവയ്പ് നടന്നത്‌. പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം കേട്ടെന്ന് സല്‍മാന്‍ അന്വേഷണസംഘത്തോട് പറഞ്ഞു. പുലർച്ചെ 4.55 ന്, ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തതെന്ന്‌ അംഗരക്ഷകൻ പറഞ്ഞുവെന്ന് താരം വെളിപ്പെടുത്തി.

''ഇതിനു മുൻപും എന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ ശ്രമം നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലോറൻസ് ബിഷ്‌ണോയ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിഞ്ഞു. അതിനാൽ, എൻ്റെ ബാൽക്കണിയിൽ വെടിവയ്പ്പ് നടത്തിയത് ലോറൻസ് ബിഷ്‌ണോയി സംഘമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” സല്‍മാന്‍ പറയുന്നു.

"ലോറൻസ് ബിഷ്‌ണോയിയും സംഘാംഗങ്ങളും ഒരു അഭിമുഖത്തിൽ എന്നെയും എൻ്റെ ബന്ധുക്കളെയും കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു. അതിനാൽ, ലോറൻസ് ബിഷ്‌ണോയി തൻ്റെ സംഘാംഗങ്ങളുടെ സഹായത്തോടെ എൻ്റെ കുടുംബാംഗങ്ങൾ അകത്ത് ഉറങ്ങുമ്പോൾ വെടിവയ്പ്പ് നടത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും കൊല്ലാൻ പദ്ധതിയിട്ടതിനാൽ അവർ ആക്രമണം നടത്തി''-സല്‍മാന്‍ പറഞ്ഞു.

ഈ വർഷം ജനുവരിയിൽ പൻവേലിലെ തൻ്റെ ഫാം ഹൗസിൽ രണ്ട് പേർ വ്യാജ പേരും ഐഡൻ്റിറ്റിയും ഉപയോഗിച്ച് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സംഭവവും സല്‍മാന്‍ ഖാൻ പരാമർശിച്ചു. ഫാം ഹൗസിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പ്രതികളും രാജസ്ഥാനിലെ ഫാസിൽക ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് പൊലീസിൽ നിന്ന് മനസ്സിലാക്കിയെന്നും, അത് ലോറൻസ് ബിഷ്‌ണോയിയുടെ ഗ്രാമമാണെന്നും നടന്‍ അന്വേഷണസംഘത്തോട് പറഞ്ഞു.

ഏപ്രിൽ 14 ന് സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ ഒന്നിലധികം റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ വെടിവെപ്പ് നടത്തിയ വിക്കി ഗുപ്തയെയും സാഗർ പാലിനെയും ഗുജറാത്തിൽ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ ആറ് പേർ അറസ്റ്റിലായി. അവരിൽ ഒരാളായ അനൂജ് ഥാപ്പൻ മെയ് ഒന്നിന് പൊലീസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ചു.

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം മുംബൈ പൊലീസ് സമർപ്പിച്ചത്. നടനെ കൊല്ലാൻ 25 ലക്ഷം രൂപയുടെ കരാർ നൽകിയിരുന്നതായും ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ പ്രതികൾ അദ്ദേഹത്തെ കൊല്ലാൻ ആധുനിക ആയുധങ്ങൾ സ്വന്തമാക്കാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി.

വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയും ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഉൾപ്പെടെ 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്.

 

Advertisment