ബെംഗളൂരു: കവർച്ചാ കേസിൽ പരാതിക്കാരനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്ത് പോലീസ്. സ്വർണ വ്യാപാരി സൂരജ് വന്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
നവംബർ 15 ന് മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്ന് ബിസിനസ് ഇടപാടിനുശേഷം കേരളത്തിലേക്ക് മടങ്ങുമ്പോൾ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു സൂരജ് വന്മനെ സങ്കേശ്വർ പോലീസിൽ പരാതി നൽകിയത്.
കാറിനെ പിന്തുടർന്ന് എത്തിയ കവർച്ചാ സംഘം പൂനെ-ബെംഗളൂരു ദേശീയ പാതയിൽവച്ച് വാഹനം തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പണമടങ്ങിയ തന്റെ കാറുമായി സംഘം രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കാർ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി. പിന്നീട് ബെലഗാവിയിലെ ഹുക്കേരി താലൂക്കിലെ നേർലി ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി.
സ്വർണാഭരണങ്ങൾ വിറ്റുവെന്നും 75 ലക്ഷം രൂപ കാറിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സിൽ സൂക്ഷിച്ചിരുന്നുവെന്നും സൂരജ് മൊഴി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, കാർ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ പെട്ടിയിൽനിന്ന് 1.01 കോടി രൂപ കണ്ടെത്തി. സൂരജിനെയും ഡ്രൈവർ ആരിഫ് ഷെയ്ഖിനെയും സുഹൃത്ത് അജയ് സാരഗറിനെയും കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഗുലെദ് പറഞ്ഞു.