ഡല്‍ഹി: തന്റെ സര്‍ക്കാര്‍ ആരംഭിച്ച വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഭാരത് രാഷ്ട്ര സമിതിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി.
വെമുലവാഡ ജില്ലയിലെ ഒരു പൊതുയോഗത്തില്‍ സംസാരിച്ച രേവന്ത് റെഡ്ഡി, ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു കൊടങ്ങല്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. തന്റെ പ്രവൃത്തികള്‍ക്ക് കെടിആര്‍ ജയില്‍ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നവംബര്‍ 11-ന് വികാരാബാദ് ജില്ലയിലെ ലഗചര്‍ളയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊതു ഹിയറിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിരുന്നു.
രേവന്ത് റെഡ്ഡിയുടെ മണ്ഡലമായ കൊടങ്ങല്‍ മേഖലയിലെ പിന്നാക്കാവസ്ഥയിലുള്ള വ്യാവസായിക വികസനത്തിനുള്ള പദ്ധതികള്‍ അട്ടിമറിക്കാനാണ് ബിആര്‍എസ് ആക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
പ്രദേശത്ത് വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് നിര്‍ദ്ദിഷ്ട ഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസുകള്‍ ഫയല്‍ ചെയ്യുമ്പോള്‍, ബിആര്‍എസ് നേതാക്കള്‍ എതിര്‍ക്കുന്നു. ഇങ്ങനെയാണോ നിങ്ങള്‍ വികസനത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.