ചെന്നൈ: രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് അതിശക്തമായ മഴ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പാമ്പന്‍ കാലാവസ്ഥ കേന്ദ്രത്തില്‍ ഏകദേശം 19 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കഴിഞ്ഞ ആറുദിവസമായി വ്യാപക മഴയാണ്. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.
വെള്ളക്കെട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയില്‍ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു തെക്കന്‍ ജില്ലകളിലും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.