Advertisment

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; നടപടി ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ; പരീക്ഷ പുതുതായി നടത്തും

പരീക്ഷയുടെ ഉയര്‍ന്ന തലത്തിലുള്ള സുതാര്യത ഉറപ്പാക്കാന്‍ 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ പരീക്ഷ നടത്തും

New Update
ugc net

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുന്നുവെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി.ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷയുടെ ഉയര്‍ന്ന തലത്തിലുള്ള സുതാര്യത ഉറപ്പാക്കാന്‍ 2024 ജൂണിലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പുതിയ പരീക്ഷ നടത്തും. തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിബിഐ സമഗ്രമായ അന്വേഷണം നടത്തും. 

Advertisment

രാജ്യത്തെ 317 നഗരങ്ങളിലായി രജിസ്റ്റർ ചെയ്ത 11.21 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളിൽ 81 ശതമാനം പേരും നെറ്റ് പരീക്ഷ എഴുതിയതായി യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു. ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും 'അസിസ്റ്റൻ്റ് പ്രൊഫസർ', 'ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ' എന്നീ തസ്തികകളിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയാണ് യുജിസി-നെറ്റ്.

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയില്‍ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് നെറ്റ് പരീക്ഷ നടത്തുന്നത്. എല്ലാ വർഷവും (ജൂൺ, ഡിസംബർ) രണ്ട് തവണയാണ് പരീക്ഷ നടത്തുന്നത്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് നെറ്റ് പരീക്ഷ റദ്ദാക്കുന്നത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍, ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട പ്രശ്നം ഇതിനകം തന്നെ പരിഹരിച്ചുകഴിഞ്ഞെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷകളുടെ പവിത്രത ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.


Advertisment