പാട്‌ന: ബിജെപിയും, ജെഡിയുവും തമ്മിലുള്ള വാക്‌പോരിന് തുടക്കമിട്ട് ബിഹാര്‍ മന്ത്രിയുടെ പരാമര്‍ശം. നിതീഷ് കുമാർ വൈകാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന ബിഹാർ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ജെഡിയു നേതാവുമായ സമ ഖാന്റെ പരാമര്‍ശമാണ് വിവാദമായത്.
ഒരു ചാനല്‍ ചര്‍ച്ചയിലാണ് സമ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ബിജെപി ദേശീയ വക്താവ് അജയ് അലോകും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. "എൻ്റെ പ്രാർത്ഥനകൾക്ക് ഉടൻ ഉത്തരം ലഭിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാൻ പ്രതിപക്ഷം പിന്തുണയ്ക്കും"-എന്നായിരുന്നു സമ ഖാന്റെ വാക്കുകള്‍.
നിതീഷ് കുമാറിനെ കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ ഒരു 'പ്രധാനമന്ത്രി മെറ്റീരിയല്‍' ആണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഭരണരീതി. അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ബീഹാറും രാജ്യവും ആഗ്രഹിക്കുന്നു. നിതീഷ് കുമാർ നേതൃത്വം നൽകിയാൽ രാജ്യം അതിവേഗം വികസിക്കുമെന്നും ഖാൻ പറഞ്ഞു.
ഉടന്‍ ഖാന് മറുപടിയുമായി അജയ് അലോക് രംഗത്തെത്തി. പ്രധാനമന്ത്രി പദവിയില്‍ ഒരു ഒഴിവും ഇല്ലെന്നായിരുന്നു അലോകിന്റെ പരിഹാസം. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയായി കാണാനുള്ള ജെഡിയുവിൻ്റെ ആഗ്രഹത്തെക്കുറിച്ച് കോൺഗ്രസുമായും മറ്റ് പ്രതിപക്ഷ പാർട്ടികളുമായും സംസാരിക്കാനും അദ്ദേഹം പരിഹാസരൂപേണ നിര്‍ദ്ദേശിച്ചു.