ഡല്‍ഹി: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതെന്ന് ആരോപിച്ച് ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കനേഡിയന്‍ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.
പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി മോദിക്കെതിരായ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് അതേ റിപ്പോര്‍ട്ടില്‍ തന്നെ സമ്മതിക്കുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനവുമായി പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ എന്‍എസ്എ ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹങ്ങള്‍ മാത്രമാണ്.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആദ്യമായി ആരോപിച്ചതുമുതല്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങള്‍ രൂക്ഷമായിരുന്നു. കാനഡയിലെ മാധ്യമ റിപ്പോര്‍ട്ട് പരിഹാസ്യമാണെന്ന് ആരോപിച്ച് ഇന്ത്യ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് വിശദീകരണം.