ഹൈദരാബാദ്: മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമറാവുവിനെതിരെ, തെലങ്കാന വനം മന്ത്രി കൊണ്ടാ സുരേഖ നടത്തിയ പരാമര്‍ശം വിവാദത്തില്‍. താരദമ്പതികളായിരുന്ന നാഗചൈതന്യയും, സാമന്ത റൂത്ത് പ്രഭുവും പിരിഞ്ഞതിന് പിന്നില്‍ രാമറാവു ആണെന്നും സുരേഖ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ രാമറാവു മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന അക്കിനേനിയും രംഗത്തെത്തി. മന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും, മന്ത്രി പറഞ്ഞത് വ്യാജമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
"മന്ത്രി കൊണ്ടാ സുരേഖയുടെ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുത്. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക.
ഞങ്ങളുടെ കുടുംബത്തിനെതിരായ നിങ്ങളുടെ അഭിപ്രായങ്ങളും ആരോപണങ്ങളും തികച്ചും അപ്രസക്തവും തെറ്റുമാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ഉടൻ പിൻവലിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു"-നാഗാര്‍ജുന പറഞ്ഞു.
വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും, അവരെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സാമന്തയും പ്രതികരിച്ചു. മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ബിആര്‍എസ് നേതാവും മുൻ മന്ത്രിയുമായ ഹരീഷ് റാവു തണ്ണീരു ആവശ്യപ്പെട്ടു.
പല നടിമാരും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനും നേരത്തെ വിവാഹം കഴിക്കാനും കാരണം രാമറാവുവാണെന്നായിരുന്നു മന്ത്രിയുടെ ഒരു വിവാദ പരാമര്‍ശം. കെ ടി രാമറാവു, സിനിമാ രംഗത്തെ പ്രമുഖരെ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് അവർ ആരോപിച്ചു.
തനിക്കെതിരെയുള്ള ആക്ഷേപകരമായ പോസ്റ്റുകൾക്ക് പിന്നിൽ ബിആർഎസ് നേതാവാണെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു.