ബംഗളൂരു: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് നന്നായി കന്നഡ സംസാരിക്കാന്‍ അറിയില്ലെന്ന് അഭിപ്രായപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട് മന്ത്രി. സംഭവം വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഒരു ഓണ്‍ലൈന്‍ ആശയവിനിമയത്തിനിടെയാണ് സംഭവം.
സര്‍ക്കാര്‍ പ്രീഡിഗ്രി കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ നീറ്റ്, സിഇടി കോച്ചിംഗ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിനിടെയിലാണ് സംഭവം.
ബംഗാരപ്പ വിദ്യാര്‍ത്ഥികളുമായി ഓണ്‍ലൈനില്‍ ഇടപഴകുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മന്ത്രി നന്നായി കന്നഡ സംസാരിക്കില്ലെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നത് കേള്‍ക്കാം.
ഇത് കേട്ടപ്പോള്‍ ആരാണ് അത് പറയുന്നതെന്ന് ബംഗാരപ്പ ചോദിക്കുന്നു. താന്‍ ഇപ്പോള്‍ ഉറുദുവില്‍ ആണോ സംസാരിക്കുന്നതെന്നും തനിക്ക് കന്നഡ അറിയില്ല എന്ന് ആരാണ് പറഞ്ഞതെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യം പറഞ്ഞ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കാനും മന്ത്രി ഉത്തരവിട്ടു.
വിദ്യാര്‍ഥിയെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണത്തെ ബിജെപി അപലപിച്ചു. ബി ജെ പി നേതാവ് ബസനഗൗഡ ആര്‍ പാട്ടീല്‍ യത്നാല്‍ എക്സിലെ ഒരു പോസ്റ്റിലൂടെയാണ് തന്റെ രോഷം പ്രകടിപ്പിച്ചത്.
നിരവധി കന്നഡ വാര്‍ത്താ ചാനലുകളെ ടാഗ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് കന്നഡ വശമില്ലെന്ന് സംസ്ഥാനത്തിന് അറിയാമെന്ന് യത്‌നാല്‍ തന്റെ പോസ്റ്റില്‍ എഴുതി.
ഒരു മന്ത്രിയോട് തനിക്ക് കന്നഡ വശമില്ലെന്ന് പറഞ്ഞതിന് ഒരു വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന് മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതയില്ലായ്മ വ്യക്തമാക്കുന്നു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കന്നഡയില്‍ വ്യക്തമായി സംസാരിക്കാനും എഴുതാനും വായിക്കാനും ആശയവിനിമയം നടത്താനും പഠിക്കണമെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നുമുള്ള ക്രിയാത്മക വിമര്‍ശനം സ്വീകരിക്കണമെന്നും യത്നാല്‍ പറഞ്ഞു.