1942ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ദേശീയ പതാകയുമായി ഘോഷയാത്ര നയിക്കുന്നതിനിടെ ബ്രിട്ടീഷ് രാജിലെ ഇന്ത്യൻ ഇംപീരിയൽ പോലീസിൻ്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനിയാണ് കനക് ലതാ ബറുവ. ബിർബല എന്ന പേരിലറിയപ്പെടുന്ന കനക് ലതാ എഐഎസ്എഫ് നേതാവായിരുന്നു.
1924 ഡിസംബർ 22 നാണ് അവർ ജനിച്ചത്. അസമിലെ അവിഭക്ത ദരംഗ് ജില്ലയിലെ ബോറംഗബാരി ഗ്രാമത്തിൽ കൃഷ്ണകാന്തയുടെയും കർണേശ്വരി ബറുവയുടെയും മകളായി ബറുവ ജനിച്ചു.
അഞ്ച് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. കനക് ലതയ്ക്ക് 13 വയസ് മാത്രമുള്ളപ്പോള്‍ പിതാവും യാത്രയായി. മൂന്നാം ക്ലാസ് വരെ സ്കൂളിൽ പോയിരുന്നുവെങ്കിലും ഇളയ സഹോദരങ്ങളെ പരിപാലിക്കുന്നതിനായി തുടര്‍പഠനം ഉപേക്ഷിച്ചു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അസമിലെ ഗോഹ്പൂർ സബ് ഡിവിഷനിൽ നിന്നുള്ള യുവാക്കളുടെ സംഘങ്ങൾ അടങ്ങുന്ന മൃത്യു ബാഹിനി എന്ന ഡെത്ത് സ്ക്വാഡിൽ ബറുവ ചേർന്നു.
1942 സെപ്തംബർ 20 ന്, പ്രാദേശിക പോലീസ് സ്റ്റേഷനിൽ ദേശീയ പതാക ഉയർത്താൻ ബാഹിനി തീരുമാനിച്ചു. ബറുവ നിരായുധരായ ഗ്രാമീണരുടെ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
എന്നാല്‍ ഘോഷയാത്രയുമായി മുന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് ശേഷവും ജാഥ മുന്നോട്ട് നീങ്ങിയതോടെ പോലീസ് ഘോഷയാത്രയ്ക്ക് നേരെ വെടിയുതിർത്തു. ബറുവയ്ക്ക് വെടിയേറ്റു. മരിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ബറുവയുടെ പ്രായം.
1997-ൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഐസിജിഎസ് കനക് ലതാ ബറുവ എന്ന ഫാസ്റ്റ് പട്രോൾ വെസ്സലിന് ബറുവയുടെ പേരാണ് നല്‍കിയത്. ബറുവയുടെ ജീവിതമാണ് ചന്ദ്ര മുഡോയ് സംവിധാനം ചെയ്ത 'എപാ ഫൂലില്‍ എപ സോറില്‍' എന്ന ചിത്രത്തിന്റെ ഇതിവൃത്തം. 'പുരബ് കി ആവാസ്' എന്ന പേരില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങി.