Advertisment

ജസ്റ്റിന്‍ ട്രൂഡോയെ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കനേഡിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; കാനഡയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും; ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനം; ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ ഉലയുന്നു ?

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കാനഡ നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് ഇന്ത്യ

New Update
justin trudeau

ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കാനഡ നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യൻ ഹൈക്കമ്മിഷണറും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരും അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ സൂചന നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ രൂക്ഷവിമര്‍ശനം നടത്തിയത്.

Advertisment

ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ഇന്ത്യ വ്യക്തമാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയത്താൽ നയിക്കപ്പെടുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് കാരണമെന്നും ഇന്ത്യ വിമര്‍ശിച്ചു.

2023 സെപ്റ്റംബറിൽ ട്രൂഡോ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവ് പോലും നല്‍കാന്‍ കാനഡയ്ക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ വിമര്‍ശനം.

വസ്തുതകളുടെ പിന്‍ബലമില്ലാതെയാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്താനുള്ള ആസൂത്രിത തന്ത്രമാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ട്രൂഡോയുടെ സർക്കാർ വിഘടനവാദ വീക്ഷണങ്ങളുള്ള വ്യക്തികളെ സംരക്ഷിക്കുകയും ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുന്നുവെന്നും മുന്‍കാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ആരോപിച്ചു.

കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഭീഷണിപ്പെടുത്തുന്നവര്‍ക്ക്‌ കനേഡിയൻ സർക്കാർ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. തീവ്രവാദത്തിലും സംഘടിത കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ കൈമാറാനുള്ള ആവശ്യവും കാനഡ നിരാകരിച്ചു. 

ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷൻ്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഉലയുന്നുവെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.

Advertisment