ഭോപ്പാല്‍: ദുരൂഹമായ കൊലപാതകക്കേസില്‍ 'ഈച്ചകളു'ടെ സഹായത്തോടെ പ്രതിയെ പൊക്കി പൊലീസ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. മനോജ് താക്കൂര്‍ (26) എന്നയാളുടെ കൊലപാതകത്തിലാണ് പൊലീസ് ഒടുവില്‍ പ്രതിയെ കണ്ടെത്തിയത്.
ഒക്ടോബര്‍ 30ന് കാണാതായ, മനോജിന്റെ മൃതദേഹം 31നാണ് കണ്ടെത്തിയത്. അനന്തരവന്‍ ധരം സിങ്ങിനൊപ്പം (19) 30ന് മനോജ് ഭക്ഷണം കഴിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മനോജിനെ ജീവനോടെ അവസാനമായി കണ്ടതും ധരമായിരുന്നു. എന്നാല്‍ പിന്നീട് മനോജിനെ ദുരൂഹമായി കാണാതായി.
പിറ്റേന്ന് രാവിലെ മൃതദേഹം കണ്ടെത്തി. ധരമിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി പൊലീസ് ഒന്നും കണ്ടെത്തിയില്ല. പിന്നീട് അന്വേഷണം മറ്റ് ആളുകളിലേക്ക് തിരിഞ്ഞു. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി.
ഒടുവില്‍ അന്വേഷണം വീണ്ടും ധരമിലേക്ക് തിരിഞ്ഞു. അന്വേഷണത്തിലുടനീളം നിരപരാധിയെ പോലെയാണ് ധരം പെരുമാറിയതെന്ന് അഡീഷണല്‍ എസ്പി സൊണാലി ദുബെ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ നിരവധി ഈച്ചകള്‍ ധരമിന്റെ ദേഹത്തേക്ക് വരുന്നത് പൊലീസ് ശ്രദ്ധിച്ചു. ഈച്ചകളെ അകറ്റാന്‍ ധരം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും, കൂടുതല്‍ ഈച്ചകള്‍ എത്തിക്കൊണ്ടേയിരുന്നു. ഇത് പൊലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ധരമിന്റെ ഷര്‍ട്ട് പൊലീസ് ആവശ്യപ്പെട്ടു. പിന്നാലെ ഫോറന്‍സിക് പരിശോധനയ്ക്കും അയച്ചു.
പരിശോധനയില്‍ ഷര്‍ട്ടില്‍ മനുഷ്യരക്തത്തിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റുന്നതായിരുന്നില്ല. ഈ തെളിവുകള്‍ വച്ച് ചോദ്യം ചെയ്തപ്പോള്‍ ധരം കുറ്റം സമ്മതിച്ചു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് അമ്മാവനെ കൊലപ്പെടുത്തിയതെന്ന് ധരം പറഞ്ഞു.