ഷിംല: രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തില്‍ മുഴുകിയപ്പോഴും, ഇതിലൊന്നും ഭാഗമാകാതെ വിട്ടുനിന്നൊരു ഗ്രാമം ഇന്ത്യയിലുണ്ട്. ഹിമാചല്‍ പ്രദേശിലെ സമ്മൂ ഗ്രാമം. വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ദീപാവലി ആഘോഷിക്കാത്തത്.
തലമുറകള്‍ക്ക് മുമ്പ് ദീപാവലി ആഘോഷത്തിന്റെ അന്ന് സ്വയം 'സതി'ക്ക് വിധേയമായ ഒരു സ്ത്രീയുടെ ശാപം ഭയന്നാണത്രേ ഗ്രാമവാസികള്‍ ദീപാവലി ആഘോഷിക്കാത്തത്. അതുകൊണ്ട് തന്നെ ദീപാവലി ദിനത്തില്‍ ഇവിടെ പടക്കങ്ങള്‍ പൊട്ടിക്കാറുമില്ല, ദീപങ്ങള്‍ തെളിയിക്കാറുമില്ല.
ഒരു ആഘോഷവും നല്ലതല്ലെന്നും അത് ഗ്രാമവാസികൾക്ക് നിർഭാഗ്യവും ദുരന്തവും മരണവും ക്ഷണിച്ചുവരുത്തുമെന്നും മുതിർന്നവർ ചെറുപ്പക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങൾക്കുമുമ്പ്, ദീപാവലി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ സ്ത്രീയെ രാജാവിൻ്റെ കൊട്ടാരത്തിലെ സൈനികനായിരുന്ന ഭർത്താവിന്റെ മരണവാര്‍ത്ത തേടിയെത്തിയെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടി. ഇതിനിടെ ഗ്രാമവാസികള്‍ക്ക് ഇനി ഒരിക്കലും ദീപാവലി ആഘോഷിക്കാന്‍ കഴിയില്ലെന്നും ഇവര്‍ ശപിച്ചത്രേ. അതിനുശേഷം ഈ ഗ്രാമത്തിൽ ഒരിക്കലും ദീപാവലി ആഘോഷിച്ചിട്ടില്ലെന്ന് നിവാസികൾ പറയുന്നു.
താൻ വിവാഹം കഴിച്ച് ഈ ഗ്രാമത്തിൽ വന്നതിന് ശേഷം ദീപാവലി ആഘോഷിക്കുന്നത് കണ്ടിട്ടില്ലെന്ന് ഭോരഞ്ച് പഞ്ചായത്ത് പ്രധാൻ പൂജാ ദേവി പിടിഐയോട് പറഞ്ഞു.
"ഗ്രാമവാസികൾ പുറത്ത് താമസമാക്കിയാലും ശാപം അവരെ വിട്ടുപോകില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഗ്രാമത്തിൽ നിന്ന് അകലെയുള്ള ഒരു കുടുംബം ദീപാവലിക്ക് നാടൻ വിഭവങ്ങൾ തയ്യാറാക്കുന്നതിനിടയിൽ അവരുടെ വീടിന് തീപിടിച്ചു, ”-പൂജാ ദേവി പിടിഐയോട് പറഞ്ഞു.
തന്റെ ജീവിതത്തില്‍ ആഘോഷങ്ങളില്ലാതെ 70-ലധികം ദീപാവലി കടന്നുപോയതായി ഗ്രാമത്തിലെ ഒരു മുതിര്‍ന്ന വ്യക്തിയും പ്രതികരിച്ചു. ആരെങ്കിലും ദീപാവലി ആഘോഷിക്കാന്‍ ശ്രമിച്ചാല്‍ അനിഷ്ടം സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെയും വിശ്വാസം.
"നൂറുകണക്കിന് വർഷങ്ങളായി ആളുകൾ ദീപാവലി ആഘോഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദീപാവലി ദിനത്തിൽ, ഒരു കുടുംബം അബദ്ധത്തിൽ പോലും പടക്കങ്ങള്‍ പൊട്ടിക്കുകയോ, വിഭവങ്ങള്‍ തയ്യാറാക്കുകയോ ചെയ്താല്‍, ദുരന്തം സംഭവിക്കുമെന്ന് ഉറപ്പാണ്,"-മറ്റൊരു ഗ്രാമവാസിയായ വീണ പറഞ്ഞു.
ഈ വിശ്വാസത്തിൽ നിന്ന് മോചനം നേടാനുള്ള ആഗ്രഹം യുവതലമുറകൾ പ്രകടിപ്പിക്കുമ്പോഴും സമൂഹത്തിൻ്റെ ഭൂതകാലത്തിൻ്റെ കൂട്ടായ ഓർമ്മ അവരെ ആചാരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.