ഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ യുഎസില്‍ കേസ്. തട്ടിപ്പിനും വഞ്ചനക്കുമാണ് കേസെടുത്തിരിക്കുന്നത്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.
ഇവര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് ഇറക്കി. ഇത് ഉടന്‍ ഇന്ത്യക്ക് കൈമാറും. വിദേശ രാജ്യങ്ങളിലെ കൈക്കൂലി - അഴിമതി സംഭവങ്ങളില്‍ കേസെടുക്കാന്‍ അമേരിക്കന്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരായ കേസ് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയിലെ മറ്റൊരു എക്സിക്യൂട്ടീവും മുന്‍ സിഇഒ വിനീത് ജെയ്‌നും തങ്ങളുടെ അഴിമതി വായ്പക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ച് 3 ബില്യണ്‍ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
സൗരോര്‍ജ കരാര്‍ ലഭിക്കാന്‍ 2,236 കോടി രൂപ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി വാഗ്ദാനം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് അദാനി ഗ്രൂപ്പിന് അടുത്ത് ഇരുപത് വര്‍ഷത്തില്‍ 16,800 കോടി രൂപ ലാഭം ഉണ്ടാക്കുമായിരുന്നു.
ഗൗതം അദാനിയെ കേസിലെ മറ്റു പ്രതികള്‍ 'നമ്പര്‍ വണ്‍ ', 'വലിയ ആള്‍' എന്നൊക്കെ വിശേഷിപ്പിച്ച് അഴിമതി ചര്‍ച്ച ചെയ്യുന്നതിന്റെ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. സാഗര്‍ അദാനിയുടെ ഫോണില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.
അദാനി ഗ്രീന്‍ എനര്‍ജി കമ്പനി വ്യാജ സ്‌കീം രൂപീകരിച്ച് 25,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം യുഎസിലെ വിദേശ കൈക്കൂലി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്.
എന്നാല്‍ ഈ വിഷയത്തില്‍ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയും സംഭവത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള അഭിഭാഷകരെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
ഗൗതം അദാനി, സാഗര്‍ അദാനി, ജെയിന്‍ എന്നിവര്‍ക്കെതിരെ നിക്ഷേപ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പിന് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്, കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സിവില്‍ കേസിലും അദാനികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
മറ്റ് അഞ്ച് പ്രതികള്‍ക്കെതിരെ യുഎസിലെ കൈക്കൂലി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് ലംഘിക്കാന്‍ ഗൂഢാലോചന നടത്തിയതിനും നാല് പേര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തി. പ്രതികളാരും കസ്റ്റഡിയിലില്ലെന്ന് ബ്രൂക്ലിനിലെ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ പീസ് വക്താവ് പറഞ്ഞു. ഗൗതം അദാനി ഇന്ത്യയില്‍ ഉണ്ടെന്നാണ് കരുതുന്നത്.