പാടത്തു ഞാറു നടുന്നവനെ പ്രതിരോധിക്കാന്‍ നടുറോഡില്‍ ആണി നടുന്ന സര്‍ക്കാര്‍. ഡല്‍ഹി ചലോ മാര്‍ച്ചിനെത്തിയ കര്‍ഷകരെ തടയാന്‍ ഹരിയാന സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തിയിലെ ദേശീയപാതയില്‍ അടക്കം വലിയ ഇരുമ്പുമുള്ളാണികള് സ്ഥാപിക്കുന്ന ഫോട്ടോ ഏവരെയും ഞെട്ടിച്ചു.
ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളായ ശംഭു, ടിക്രി, ഫത്തേബാദ്, ജിന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് മതില് കെട്ടിയും മുള്ളാണികളും മുള്ളുകമ്പികളും പിടിപ്പിച്ചുമാണു കര്‍ഷകരെ തടയുന്നത്. ശംഭുവിലും മറ്റും കര്‍ഷകര്‍ക്കെതിരേ തുടര്‍ച്ചയായ കണ്ണീര്‍വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിക്കുന്നു. കുറഞ്ഞത് 40 കര്‍ഷകര്‍ക്കു പരിക്കേറ്റതോടെ പ്രതിഷേധം അക്രമാസക്തമായി. പെല്ലറ്റുകളേറ്റ് മൂന്നു കര്‍ഷകര്‍ക്കെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.
ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കാണാത്ത സന്നാഹങ്ങളാണ് സ്വന്തം കര്‍ഷകര്‍ക്കെതിരേ ഹരിയാന സര്‍ക്കാര്‍ നിരത്തിയിരിക്കുന്നത്. പാക്കിസ്ഥാന്, ചൈന, ബംഗ്ലാദേശ് തുടങ്ങിയ അതിര്‍ത്തികളിലെ മനുഷ്യരുടെ ജീവിതത്തേക്കാളും ദുഃസഹമാണ് ഹരിയാനയിലെ കര്‍ഷകരുടെ സ്ഥിതി. ഹരിയാനയിലെ ഹിസാര്‍, സിര്‍സ, അംബാല, കുരുക്ഷേത്ര, കൈത്തല്‍, ജിന്‍ഡ്, ഫത്തേബാദ് തുടങ്ങി മിക്ക പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നു. കുട്ടികളുടെ പഠനവും ചെറുപ്പക്കാരുടെ ജോലിയും തടസപ്പെട്ടിട്ടും നിരോധനം നീട്ടുകയാണ്.
അതിജീവനത്തിനായി പോരാട്ടം
അതിജീവനത്തിനായി പോരാടുന്ന കര്‍ഷകരെ സഹായിക്കാനോ അവരുടെ ആശങ്കകളും വേദനകളും മനസിലാക്കാനോ സര്‍ക്കാരുകള്‍ തയാറല്ല. പുതിയ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ കേന്ദ്രമന്ത്രിമാര്‍ ചണ്ഡിഗഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നടത്തിയ ചര്‍ച്ചയും വിജയിച്ചില്ല. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്ജുന് മുണ്ട, നിത്യാനന്ദ് റായ് എന്നിവരും രാഷ്ട്രീയേതര സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദുര്‍ മോര്‍ച്ച അടക്കമുള്ള കര്‍ഷക സംഘടനാ മേധാവികളും തമ്മിലുള്ള മൂന്നാം ഘട്ട ചര്‍ച്ചയാണു ഫലം കാണാതെ അവസാനിച്ചത്. നാളെയാണ് അടുത്ത ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
2020ലെ വിജയകരമായ സമരത്തിനു ശേഷമാണ് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യുന്നത്. ഇത്തവണയും കര്‍ഷകര്‍ വെറുതെ പിന്മാറില്ല. കര്‍ഷകപ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോഴും പരിഹാരം അകലെയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച ഇന്നലെ നടത്തിയ ഗ്രാമീണ ബന്ദ് ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയെ സ്തംഭിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റും പ്രവർത്തകര്‍ പഞ്ചാബിലുടനീളം നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാഴാഴ്ച റെയില്‍ റോക്കോ പ്രകടനം നടത്തി. ഉത്തരേന്ത്യയില്‍നിന്നു വ്യത്യസ്തമാണ് കേരളത്തിലെ റബര്‍ അടക്കമുള്ള കര്‍ഷകരുടെ ദയനീയ സ്ഥിതി.
വന്യജീവി നിയമം മാറ്റിയേ തീരൂ
കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കു പുറമെ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളില്‍നിന്നു രക്ഷ തേടിയാണ് വയനാട്ടില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ തെരുവിലിറങ്ങുന്നത്. ഭയംകൊണ്ടു സ്വസ്ഥമായി കിടന്നുറങ്ങാനോ, അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാനോപോലും കഴിയാത്ത ഗതികേടിലാണു പലരും.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം കര്‍ഷക, ഗ്രാമീണ ജനതയോടുള്ള ക്രൂരതയാണ്. രാജ്യത്തിന്റെ രക്ഷകരായ കര്‍ഷകര്‍ക്ക് ആശ്വാസവും സുരക്ഷയും നല്കാന് കഴിയുകയെന്നതു ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. പക്ഷേ പലതരത്തിലുള്ള ചൂഷണങ്ങളും ആശങ്കകളുമാണ് കര്‍ഷകര്‍ക്കു മിച്ചം. കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ മുതല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാര് വരെ കര്‍ഷകരോടുള്ള ക്രൂരതകള്‍ തടസമില്ലാതെ തുടരുന്നു.
വന്യജീവികളെ കാടുകളില്‍ സംരക്ഷിക്കുക പ്രധാനമാണ്. വനവും വന്യജീവികളും പോലെയോ, അതിലേറെയുമോ പ്രധാനപ്പെട്ടതാണ് മനുഷ്യജീവനുകള്‍. മുമ്പൊക്കെ കാടുകളുടെ സമീപവാസികള്‍ മാത്രമായിരുന്നു ആക്രമണ ഭീഷണിയിലെങ്കില്‍ ഇപ്പോഴതു നഗരപ്രദേശങ്ങളില്‍ പോലും വ്യാപകമാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമം പുതിയ സാഹചര്യത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാരും എംപിമാരും ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണം.
കര്‍ഷകസമരം ന്യായമോ?
എന്തിനാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയില്‍ സമരം ചെയ്യുന്നതെന്നു മനസിലാക്കേണ്ടതുണ്ട്. ഉറപ്പുനല്‍കിയതു നടപ്പാക്കണമെന്ന മിനിമം ഡിമാന്‍ഡേയുള്ളൂ കര്‍ഷകര്‍ക്ക്. പോലീസിന്റെ ആക്രമണവും കാലാവസ്ഥയിലെ കടുത്ത തണുപ്പും അവഗണിച്ച് നിവൃത്തികേടുകൊണ്ടാണു കര്‍ഷകര്‍ വീണ്ടും തെരുവിലെത്തിയത്. ഇതിനെതിരേ സംഘപരിവാര്‍, കോര്‍പറേറ്റ് ശക്തികളുടെ പ്രേരണയിലും പിന്തുണയിലും പല വ്യാജപ്രചാരണങ്ങളും വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റും നടത്തുന്നുണ്ട്. കര്‍ഷകര്‍ക്കു വലിയ തോതില്‍ വരുമാനം കൂട്ടിക്കൊടുത്തുവെന്ന അവകാശവാദവുമായി കേന്ദ്രസര്‍ക്കാരും രംഗത്തുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്നു മാത്രം സര്‍ക്കാരോ ബിജെപിക്കാരോ പറയുന്നില്ല!
കര്‍ഷകര്‍ക്ക് അവരുടെ എല്ലാ ഉത്പാദനച്ചെലവുകളും കണക്കാക്കിയ ശേഷം ആ തുകയുടെ 50 ശതമാനം ലാഭംകൂടി ചേർത്ത് ചുരുങ്ങിയ താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ്- എംഎസ്പി) ഗാരന്റിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വാഗ്ദാനം ചെയ്തിരുന്നു. ഒന്നിലധികം തവണ മോദി ഈ വാഗ്ദാനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കര്‍ഷകനേതാക്കള്‍ കാണിച്ചുതരുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും കര്‍ഷകര്‍ക്ക് ചെലവെങ്കിലും കിട്ടുന്നുണ്ടോയെന്നു സര്‍ക്കാര്‍ തെളിയിക്കട്ടെ.
ഇത്തരത്തില്‍ 23 വിളകള്‍ക്ക് എംഎസ്പി ഗാരന്റി നടപ്പാക്കണമെന്നതാണു കര്‍ഷകരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, 2020-21 കര്‍ഷക പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രിയുടെ മകന് അറസ്റ്റിലായെങ്കിലും മന്ത്രിക്കെതിരേ പ്രധാനമന്ത്രി ചെറുവിരലനക്കിയില്ലെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന് എന്തു കിട്ടി?
ഓരോ വര്‍ഷവും ഇരുപതിലധികം വിളകള്‍ക്കു സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്നു. എന്നാല്‍ സംസ്ഥാന ഏജന്‍സികള്‍ അരിയും ഗോതമ്പും മാത്രമാണ് ഈ വിലയ്ക്കു വാങ്ങുന്നത്. രാജ്യത്തെ 80 കോടി പേര്‍ക്ക് സൗജന്യ അരിയും ഗോതമ്പും നല്‍കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷേമ പരിപാടിക്കായി കരുതല്‍ ശേഖരം സൃഷ്ടിക്കുന്നതിനാണു സംസ്ഥാന ഏജന്‍സികള്‍ താങ്ങുവിലയ്ക്ക് അരിയും ഗോതമ്പും ശേഖരിക്കുന്നത്. നെല്ല് ക്വിന്റലിന് 2023-24ല്‍ 2,203 രൂപയും ഗോതമ്പിന് 2,125 രൂപയുമാണു താങ്ങുവില.
താങ്ങുവിലയില്‍ നെല്ലും ഗോതമ്പും സംഭരിച്ചതിന് 2018-19 മുതല്‍ അഞ്ചു വര്‍ഷക്കാലത്ത് 63,11,631 കര്‍ഷകര്‍ക്കായി മൊത്തം 63,034.55 കോടി രൂപ ചെലവായെന്നു കേന്ദ്രം പറയുന്നു. കേരളത്തിലെ എത്ര നെല്‍ക്കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിയെന്നു സംസ്ഥാന കൃഷി മന്ത്രാലയവും കര്‍ഷകരും വ്യക്തമാക്കട്ടെ. എണ്ണക്കുരുക്കളുടെ സംഭരണത്തിനും അഞ്ചു വര്‍ഷത്തില്‍ 26,328.41 കോടി രൂപ ചെലവാക്കി. കഴിഞ്ഞ മാര്‍ച്ചു മുതല്‍ 11 മാസക്കാലം എണ്ണക്കുരുക്കള്‍, കൊപ്ര, പയര്‍- പരിപ്പു വര്‍ഗങ്ങള്‍ എന്നിവയുടെ 2,29,32.92 മെട്രിക് ടണ്‍ സംഭരിച്ചെന്നും ഇതിനായി 2,228.55 കോടി രൂപ നല്‍കിയെന്നും കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ദീപികയോടു പറഞ്ഞു.
വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി, 2018-19 മുതല്‍ ഇതേവരെ ആകെ വെറും 44.77 ടണ്‍ സവാള, കിഴങ്ങ്, വെളുത്തുള്ളി, മഞ്ഞള്‍, മാങ്ങ, ആപ്പിള്‍ എന്നിവ മാത്രമേ സംഭരിച്ചതായി കേന്ദ്രം അവകാശപ്പെടുന്നുള്ളൂ. അഞ്ചു വര്‍ഷക്കാലത്തേക്ക് ഇതു തീര്‍ത്തും അപര്യാപ്തമെന്നു വ്യക്തം. പഴം, പച്ചക്കറികള്‍ അടക്കം മറ്റു പലതിന്റെയും വിലനിയന്ത്രണത്തിനു നാമമാത്രമായി പോലും ശ്രമിച്ചുവെന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടതുമില്ല.
പാഴാകുന്ന മോഹ ഗാരന്റികള്‍
താങ്ങുവില പ്രഖ്യാപനത്തേക്കാളേറെ, എംഎസ്പിക്ക് നിയമപരമായ പിന്‍ബലം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. മോദിയുടെ വാക്കാല്‍ ഗാരന്റിയല്ല, മറിച്ച് നിയമം മൂലമുള്ള ഗാരന്റിയാണു വേണ്ടത്. ഉയര്‍ന്ന താങ്ങുവിലയ്ക്ക് അരിയും ഗോതമ്പും സംഭരിക്കുന്നതിന്റെ ഗുണം ഇവ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ വെറും ഏഴു ശതമാനം പേര്‍ക്കാണു പ്രയോജനപ്പെടുന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെയും ഹരിയാനയിലെയും വന്‍കിട കര്‍ഷകരെപോലെ സാധാരണ കര്‍ഷകര്‍ക്കും ഗുണം കിട്ടാൻ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.
ഇന്ത്യയിലെ ഏറ്റവും നീണ്ടതും വിജയകരവുമായ കര്‍ഷകപ്രതിഷേധത്തിന് ശേഷം 2021ല്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ മോദി സര്‍ക്കാരിനു റദ്ദാക്കേണ്ടിവന്നതു പലരും മറക്കാനിടയില്ല. യുപി അടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഭയന്നായിരുന്നു മാസങ്ങൾ നീണ്ട ദുര്‍വാശിക്കു ശേഷം നിയമങ്ങള്‍ റദ്ദാക്കിയത്. എല്ലാ കാര്ഷികോത്പന്നങ്ങള്ക്കും താങ്ങുവില ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ കര്‍ഷകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പാനല്‍ രൂപീകരിക്കുമെന്നു സര്‍ക്കാര്‍ അന്ന് ഉറപ്പു നല്‍കിയിരുന്നു. ആ വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാരിന് മെല്ലെപ്പോക്കാണെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ഒരു ലക്ഷം കര്‍ഷക ആത്മഹത്യ
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നതായിരുന്നു നരേന്ദ്ര മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഈ വാഗ്ദാനം പാലിക്കണമെന്നതു കര്‍ഷകരുടെ ആവശ്യമാണ്. എന്നാല്‍, കൃഷിച്ചെലവുകള്‍ കുതിച്ചുയരുകയും വരുമാനം കുറയുകയോ സ്തംഭനാവസ്ഥയിലാകുകയോ ചെയ്തിരിക്കുന്നു. നഷ്ടമുണ്ടാക്കുന്ന സംരംഭമായി കൃഷി മാറുകയും കര്‍ഷക ആത്മഹത്യകള്‍ പതിവാകുകയും ചെയ്യുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014നു ശേഷം മാത്രം ഇന്ത്യയില്‍ ഒരു ലക്ഷത്തിലേറെ (1,00,474) ആത്മഹത്യകളാണ് കാര്‍ഷിക മേഖലയിലുണ്ടായതെന്ന് ‘ദ വയര്‍’ കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തു. ശരാശരി 30 കര്‍ഷകരാണു ദിവസവും ജീവന് ബലികൊടുക്കുന്നത്. അന്നദാതാക്കളോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ശബ്ദം ഉയര്‍ത്തേണ്ടിയിരിക്കുന്നു.