ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലെത്തും. നൈജീരിയയിൽ ദ്വിദിന സന്ദർശനമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
17 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര, ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് എച്ച്. ഇ ബോല അഹമ്മദ് ടിനുബുമായി കൂടിക്കാഴ്ച നടത്തും. ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കും.
18-ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ ക്ഷണപ്രകാരം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ബ്രസീലിലെത്തും. ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ നേരിടുന്ന വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ പ്രധാനമന്ത്രി വ്യക്തമാക്കും. ജി-20യിൽ പങ്കെടുക്കുന്ന അംഗരാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയിൽ റഷ്യ- യുക്രെയ്ൻ സംഘർഷവും പലസ്തീൻ -ഇസ്രായേൽ സംഘർഷവും ചർച്ചയാകും.
ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം നവംബർ 19-ന് പ്രധാനമന്ത്രി ഗയാനയിലേക്ക് തിരിക്കും. 21 വരെ അവിടെ തങ്ങും. ഗയാനയിൽ നടക്കുന്ന കാരിക്കോം– ഇന്ത്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 56 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ ഗയാന പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഗയാനയിലെ മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും