‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നാണ് ഇന്ത്യൻ ജനാധിപത്യത്തെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവർത്തിച്ചു പറയാറുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്, പക്ഷേ പാർലമെന്ററി ജനാധിപത്യം പതിവില്ലാത്ത പ്രതിസന്ധിയും വെല്ലുവിളികളും നേരിടുകയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ നടക്കുന്നതെല്ലാം ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്കു ചേർന്നതാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോക്സഭയിലും രാജ്യസഭയിലും നടക്കുന്നതെല്ലാം ജനാധിപത്യത്തിനും ജനാഭിലാഷങ്ങൾക്കും ഉതകേണ്ടതുണ്ട്. നിയമനിർമാണം മുതൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തുന്നതിൽ വരെ ജനപ്രതിനിധികളുടെ സഭ നിലവാരവും മൂല്യവും പുലർത്തുകയും ലക്ഷ്യം പൂർത്തീകരിക്കുകയെന്നതും പ്രധാനമാണ്. ജനാധിപത്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏതാണ്ടു തുല്യപങ്കും അവസരവുമുണ്ടാകണം. സഭാധ്യക്ഷന്മാർ നിഷ്പക്ഷമായി പ്രവർത്തിക്കുകയും അങ്ങനെ ചെയ്യുന്നുവെന്നു ബോധ്യപ്പെടുത്തുകയും വേണം.
നേട്ടമാക്കിയ സ്വാതന്ത്ര്യം
ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 78-ാം വാർഷികം വ്യാഴാഴ്ച രാജ്യമാകെ ആഘോഷിക്കുകയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വീരോചിത സ്വാതന്ത്ര്യസമരത്തിന്റെ യാതനകളും പൂർവപിതാക്കന്മാരുടെ ജീവത്യാഗവും മറക്കാനാകില്ല. ഫ്യൂഡൽ ഭരണത്തിൽനിന്നു മോചനം നേടിയെന്നതും ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നായി വളരാൻ കഴിഞ്ഞുവെന്നതും അഭിമാനകരമാണ്. ഇന്ത്യയും ഇന്ത്യക്കാരും കൈവരിച്ച സാന്പത്തികവളർച്ചയും വികസനവും ആഗോള അംഗീകാരവും തീർച്ചയായും നേട്ടമാണ്. രാഷ്ട്രീയത്തിനപ്പുറം മഹാന്മാരായ നേതാക്കളും മികച്ച പ്രധാനമന്ത്രിമാരും സർക്കാരുകളും നമുക്കുണ്ടായി.
ജനാധിപത്യ സംവിധാനം ഏഴര പതിറ്റാണ്ടായി വിജയകരമായി മുന്നോട്ടു പോകുന്നതു ചെറിയ നേട്ടമല്ല. രാഷ്ട്രീയവും മതപരവും ജാതീയവും പ്രാദേശികവുമായ വ്യത്യസ്തതകൾ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യപോലെ വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്താണ് മറ്റു പല രാജ്യങ്ങളേക്കാളും ശക്തവും സുസ്ഥിരവുമായ പാർലമെന്റും സർക്കാരും ഉള്ളത്. പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും മാലിദ്വീപും അടക്കമുള്ള ദക്ഷിണേഷ്യയിലെ അയൽരാജ്യങ്ങളിൽ പതിവായ പ്രതിസന്ധികൾ ഇന്ത്യക്കില്ല. ഭരണസ്ഥിരത, സാന്പത്തികവളർച്ച, അടിസ്ഥാനസൗകര്യ വികസനം, മനുഷ്യശേഷി വികസനം തുടങ്ങി പല മേഖലകളിലും ഇന്ത്യയുടെ പുരോഗതി പ്രശംസനീയമാണ്.
വെട്ടിച്ചുരുക്കിയ സമ്മേളനം
ഒരു വശത്ത് അഭിമാനകരമായ നേട്ടങ്ങൾ പ്രത്യാശയാകുന്പോൾ മറുവശത്ത് ഭരണഘടനാ, ജനാധിപത്യ മൂല്യങ്ങളുടെ ശോഷണവും തകർച്ചയും ആശങ്കയും ഒരു പരിധി വരെ നിരാശാജനകവുമാണ്. ലോക്സഭയിലും രാജ്യസഭയിലും സംഭവിക്കുന്നതെല്ലാം ജനാധിപത്യത്തിനു ഗുണകരമല്ല. നിയമനിർമാണങ്ങൾ പോലും ഏകപക്ഷീയമാകുന്നതു പതിവാണ്. ജനകീയ പ്രശ്നങ്ങളിന്മേലുള്ള ചർച്ചകളിലും സർക്കാരിന്റെ സമീപനങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലുമെല്ലാം ശുഭകരമല്ലാത്ത പല സൂചനകളുമുണ്ട്.
തിങ്കളാഴ്ച വരെ നിശ്ചയിച്ചിരുന്ന ലോക്സഭയും രാജ്യസഭയും ഇന്നലെ അനിശ്ചിത കാലത്തേക്കു പിരിഞ്ഞതുപോലും നല്ലതല്ല. പാർലമെന്റ് സമ്മേളനം ചേരുന്ന ദിനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതും നിയമനിർമാണങ്ങളിൽപോലും ഫലപ്രദമായ ചർച്ചകൾ നടക്കാതിരിക്കുന്നതും ജനാധിപത്യത്തിന്റെ ദുരന്തമാണ്. അത്തരം പോരായ്മകൾക്ക് ആക്കം കൂട്ടുന്നതാണു നിശ്ചയിച്ചതിലും നേരത്തേ സമ്മേളനം വെട്ടിച്ചുരുക്കി നേരത്തേ പിരിഞ്ഞത്.
രാജ്യത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തമേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തുന്നതിന്റെ തലേന്നാണു പാർലമെന്റിലെ തർക്കം രൂക്ഷമായത്. വയനാട്ടിലെ ദുരന്തത്തേക്കാൾ വലിയ ദുരന്തമാകും ജനാധിപത്യത്തിനു സംഭവിക്കുന്ന അപരിഹാര്യമായ കോട്ടങ്ങൾ.
ധൻകറിനെ നീക്കാൻ പ്രമേയം
ഏകപക്ഷീയമായി പെരുമാറുന്ന രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറിനെ പദവിയിൽനിന്നു നീക്കാൻ ചരിത്രത്തിലാദ്യമായി പ്രമേയം കൊണ്ടുവരാനാണു പ്രതിപക്ഷം ഒപ്പു ശേഖരിച്ചത്. ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാധ്യക്ഷനെതിരേ പാർലമെന്ററി ചരിത്രത്തിൽ ഇന്നേവരെ അവിശ്വാസപ്രമേയം ഉണ്ടായിട്ടില്ല. പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാൽ ഇനി ശൈത്യകാല സമ്മേളനത്തിലേ സാധ്യതയുള്ളൂ. പ്രമേയത്തിനു രണ്ടാഴ്ചത്തെ നോട്ടീസ് വേണം. അടുത്ത സമ്മേളനത്തിനു മുന്പായി പ്രശ്നം പരിഹരിക്കാനായാൽ നന്ന്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാലും പ്രമേയം പാസാക്കാനോ ധൻകറിനെ പുറത്താക്കാനോ കഴിഞ്ഞേക്കില്ല.
സാങ്കേതികമായി പ്രമേയം പരാജയപ്പെട്ടാലും സഭാധ്യക്ഷനായ ധൻകറിന്റെ ഏകപക്ഷീയമായ പ്രസ്താവനകളും തീരുമാനങ്ങളും തുറന്നുകാട്ടാൻ സഹായിക്കുമെന്ന് കോണ്ഗ്രസും ഇതര പ്രതിപക്ഷ പാർട്ടികളും കരുതുന്നു. രാജ്യസഭയിൽനിന്ന് പ്രതിപക്ഷം ഒന്നടങ്കം ഇന്നലെ ഇറങ്ങിപ്പോകേണ്ടി വന്നതിലേക്കു നയിച്ച സംഭവങ്ങൾ തികച്ചും നിർഭാഗ്യകരമാണ്. രാവിലെയും പിന്നീടു പലതവണ പിരിഞ്ഞ ശേഷം ചേർന്നപ്പോഴും പ്രതിപക്ഷമില്ലാതെ സഭാ നടപടികളുമായി മുന്നോട്ടു പോയതിലും അപായപ്രവണതകളുണ്ട്. പ്രതിപക്ഷ നേതാവും മുതിർന്ന അംഗങ്ങളും അടക്കം സഭയിലെ പകുതി വരുന്ന പ്രതിപക്ഷ എംപിമാരുടെ അസാന്നിധ്യത്തിൽ പ്രതിപക്ഷത്തിനെതിരേ ചെയർമാനും ഭരണപക്ഷ നേതാക്കളും നടത്തിയ രൂക്ഷ വിമർശനങ്ങൾ ജനാധിപത്യത്തിനു ഗുണത്തേക്കാളേറെ ദോഷകരമാകും.
പ്രതിപക്ഷ നേതാവിനെ തള്ളരുത്
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരായി ബിജെപി എംപി ഘനശ്യാം തിവാരി നടത്തിയ കുടുംബവാദം (പരിവാർ വാദ്) പരാമർശത്തെ ചൊല്ലി ചെയർമാൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചൂടേറിയ വാക്കുതർക്കം ജനാധിപത്യത്തിനു ഭൂഷണമല്ല. വളരെ മുതിർന്ന പ്രതിപക്ഷ നേതാവ് ഖാർഗെയ്ക്കെതിരേ നടത്തിയ വിവാദ പരാമർശത്തിൽ തിവാരി മാപ്പു പറയണമെന്ന കോണ്ഗ്രസിന്റെ ആവശ്യം ചെയർമാൻ തിരസ്കരിച്ചു. തിവാരിയുടെ പ്രസംഗത്തിൽ ഒരു വാക്കുപോലും മോശമായി ഇല്ലെന്നും ഖാർഗെയെ ഉന്നതമായ തലത്തിലേക്കുയർത്തി പ്രശംസിക്കുകയാണു ചെയ്തതെന്നും ധൻകർ പറയുന്നു. ഇരുനേതാക്കളുമായി സ്വകാര്യമായി പ്രശ്നം പരിഹരിച്ചതാണെന്നും ധൻഖർ പറഞ്ഞു.
എന്നാൽ, ചേംബറിൽ പറഞ്ഞ കാര്യങ്ങൾ സഭയിൽ പരസ്യമായി പറയണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. അഞ്ചു പതിറ്റാണ്ടിന്റെ പാർലമെന്ററി പാരന്പര്യമുള്ള ഖാർഗെയും നാലു പതിറ്റാണ്ടിന്റെ പാരന്പര്യമുള്ള തിവാരിയും ബഹുമാന്യരാണ്. കോണ്ഗ്രസിന്റെ ദേശീയ അധ്യക്ഷനും ഭരണഘടനാ പദവിയായ പ്രതിപക്ഷ നേതാവുമാണ് ഖാർഗെ എന്നതാണു വ്യത്യാസം. പ്രതിപക്ഷ നേതാവിനു നൽകേണ്ട ബഹുമാനവും അവസരവും നൽകുന്പോഴാണു ജനാധിപത്യം വിജയിക്കുന്നതെന്ന് ആരോടും പറയേണ്ടതില്ല.
വാക്പോര് മാത്രമല്ല അകൽച്ച
പ്രശസ്ത സിനിമാതാരം ജയ അമിതാഭ് ബച്ചനും ധൻകറും തമ്മിലുണ്ടായ വാക്പോരും മോശമായി. ചെയർമാന്റെ വാക്കുകളിലെ ശരീരഭാഷയും ശബ്ദവ്യതിയാനവും മോശമാണെന്നും അതു മനസിലാകുന്ന അഭിനേത്രിയാണു താനെന്നും ജയ തുറന്നടിച്ചു. സെലിബ്രിറ്റിയാണെന്നതിന്റെ പേരിൽ തന്നെ ചോദ്യം ചെയ്യരുതെന്ന് ധൻകറും തിരിച്ചടിച്ചു. ധൻകറും ഖാർഗെയും തമ്മിലും ധൻകറും ജയ ബച്ചനും തമ്മിലും പല ദിവസങ്ങളിലും വാക്പോര് ഉണ്ടായെന്നതു പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കും.
നൂറുകണക്കിനാളുകൾ മരിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് ആദ്യം പാർലമെന്റിൽ സംസാരിക്കാൻ കേരള എംപിമാർ അര മണിക്കൂറിലേറെ പൊരുതേണ്ടി വന്നുവെന്നതു സങ്കടകരമായി. ഇന്ത്യയുടെ സ്വർണമെഡൽ പ്രതീക്ഷയായിരുന്ന വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിന്പിക്സിൽ അയോഗ്യയാക്കിയ വിഷയം ഉന്നയിക്കാൻപോലും ചെയർമാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ല. വളരെ രമ്യമായി പരിഹരിക്കാവുന്ന കാര്യത്തിലാണു രാജ്യസഭയിൽ ഇന്നലെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണു പ്രതിപക്ഷ ശ്രമമെന്ന ചെയർമാന്റെ പ്രസ്താവന തരംതാണ രാഷ്ട്രീയമാണെന്നു പ്രതിപക്ഷം ആരോപിച്ചു.
കൂടെ നടത്തണം, പ്രതിപക്ഷത്തെ
പാർലമെന്റിന്റെ അധ്യക്ഷവേദിയിലിരുന്ന് ആർഎസ്എസിനെയും ബിജെപിയെയും പരസ്യമായി പുകഴ്ത്തുകയും ആർഎസ്എസുകാരനാണെന്നു വീന്പിളക്കുകയും ചെയ്ത ധൻകറുടെ നടപടി വിമർശനത്തിനു കാരണമായതു സ്വാഭാവികം. കറതീർന്ന ആർഎസ്എസുകാരൻ ആണെങ്കിലും ലോക്സഭയിൽ ഓം ബിർലയുടെ പൊതുവായ സമീപനവും ചിലപ്പോഴുള്ള നിശബ്ദതയും കുറച്ചെങ്കിലും വ്യത്യസ്തമാണ്. ഭരണപക്ഷത്തെപ്പോലെതന്നെ പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തു സഭയെ നയിക്കുന്നതിൽ അധ്യക്ഷന്മാർ പരാജയപ്പെടരുത്.
സർക്കാരിനും ഭരണപക്ഷത്തിനും വേണ്ടി നടപടികൾ നടത്തിക്കൊടുക്കുന്നതിൽ സഭാധ്യക്ഷന്മാർ ശ്രദ്ധിക്കാറുണ്ട്. അതിൽ തെറ്റില്ല. പക്ഷേ, പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കേണ്ടതും പ്രതിപക്ഷ എംപിമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും സഭാധ്യക്ഷന്മാരുടെ പ്രധാന കടമയാണ്. പ്രതിപക്ഷത്തിന്റെ പങ്കും അവകാശങ്ങളും അംഗീകരിക്കുകയാണു പ്രധാനം.
ഹസീനയുടെ ഗതി പാഠമാണ്
ബംഗ്ലാദേശിൽ പുറത്തായ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കു സംഭവിച്ചതു പോലെ പ്രതിപക്ഷമില്ലാതെ സഭ മുന്നോട്ടു കൊണ്ടുപോകാമെന്ന ചിന്തപോലും തെറ്റാണ്. കഴിഞ്ഞ പാർലമെന്റിലെ 146 എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിന്റെ കളങ്കം ഉടനെ മായില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെങ്കിലും ബിജെപിയും പ്രധാനമന്ത്രി മോദിയും യുപിയിൽ അടക്കം നേരിട്ട തിരിച്ചടികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാണു തെളിയിച്ചത്. പ്രതിപക്ഷ സഹകരണത്തോടെ ഭരണവും പാർലമെന്റും സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്പോഴാണ് ജനാധിപത്യം പുഷ്ടിപ്പെടുന്നത്. ഭരണഘടനാ പദവിയായ പ്രതിപക്ഷ നേതാവിനു പ്രാധാന്യവും അവസരവും നൽകാൻ പാർലമെന്റിലെ സഭാധ്യക്ഷന്മാർ പ്രത്യേക താത്പര്യം എടുക്കണം.