ഡൽഹി: അമേരിക്കൻ പ്രസിഡന്റായി ട്രംപ് വീണ്ടും വരുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റസുഹൃത്താണ് ട്രംപ്. പ്രതിരോധ, വാണിജ്യ, വ്യാപാര മേഖലകളിൽ ട്രംപ് വരുന്നതോടെ നയം മാറ്റമുണ്ടാവുമെന്നും ഇത് ഇന്ത്യയ്ക്ക് അനുകൂലമാവുമെന്നുമാണ് വിലയിരുത്തൽ.
ഇന്ത്യയും അമേരിക്കയും തന്ത്രപരമായ പങ്കാളികളെന്നാണ് അറിയപ്പെടുന്നത്. ഇന്തോ പസഫിക്കിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ശാക്തിക ബലാബലത്തിന്റെയും ചൈനീസ് വളർച്ചയുടെയും പശ്ചാത്തലത്തിൽ ട്രംപിന്റെ രണ്ടാംവരവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപാടുകളും കൂടുതൽ ശക്തമാവും. 25,000 കോടി രൂപ മുടക്കി ഇന്ത്യൻ നേവിക്ക് വേണ്ടി അമേരിക്കയിൽ നിന്ന് വാങ്ങുന്ന സീ ഹോക്ക് ഹെലികോപ്‌ടറുകൾ തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നു.
ആയുധകച്ചവടം പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ നയം ഇന്ത്യയ്ക്ക് പ്രതിരോധ രംഗത്ത് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ രണ്ടാംവരവോടെ ലോകശക്തിയായ യു.എസും മൂന്നാം ലോകവിപണിയിൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഇന്ത്യയ്‌ക്കുമിടയിൽ പുതിയ ചരിത്രമെഴുതും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ഏറ്റവും തുറുപ്പുചീട്ടാവുക. മഹാനായ നേതാവും വിശ്വസ്തനായ സുഹൃത്തും എന്നാണ് മോഡിയെ ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു കാലത്ത് അമേരിക്ക പ്രവേശനം നിഷേധിച്ചിരുന്ന നേതാവായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
2017 ൽ ട്രംപും മോദിയും വൈറ്റ് ഹൗസിൽ കണ്ടുമുട്ടിയതിനു ശേഷം ഉടലെടുത്ത ഇവരുടെ സൗഹൃദത്തിലെ രസതന്ത്രം അത്ഭുതപ്പെടുത്തുന്നതാണ്.
2019 ൽ ടെക്‌സാസിൽ നടന്ന ഹൗഡി മോഡി സമ്മേളനത്തിൽ മോദി ട്രംപിനെ വിശേഷിപ്പിച്ചത് എന്റെ സുഹൃത്ത് ഇന്ത്യയുടെയും സുഹൃത്ത് എന്നാണ്. ഇവരുടെ ശരീരഭാഷയും സംഭാഷണവുമൊക്കെ ബന്ധത്തിന്റെ ഊഷ്‌മളത വെളിപ്പെടുത്തുന്നു. ഈ സൗഹൃദത്തിന്റെ തുടർച്ചയായിരുന്നു ട്രംപിന്റെ ഇന്ത്യാ സന്ദർശനം.
ബിസിനസുകാരനായ ട്രംപ് വിദേശനയം നടത്തുന്നത് സ്വന്തം രാജ്യത്തിന് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടു കൂടിയാണ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇന്ത്യയ്‌ക്ക് അനുകൂലമാണ്. ഒരു വർഷം ഏകദേശം 16 ബില്യൺ ഡോളറാണ് ഇന്ത്യയ്‌ക്ക് അമേരിക്കയിൽ നിന്നുള്ള വ്യാപാരലാഭം. അമേരിക്കയുടെ ഈ നഷ്‌ടം നികത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം.
കൂടുതലായി ആയുധങ്ങളും ഊർജവിഭവങ്ങളും അമേരിക്കയിൽ നിന്ന് വാങ്ങാമെന്നതാണ് ഇന്ത്യയുടെ നിലപാട്. രാജ്യത്തെ പൗരന്മാരാൽ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് മോദിയെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാർ സ്‌നേഹമുള്ളവരാണ്, അവർക്ക് മികച്ച നേതാവുണ്ട് - അന്ന് ട്രംപ് പറഞ്ഞതിങ്ങനെയായിരുന്നു.
അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് അവിടുത്തെ രാഷ്‌ട്രീയത്തിൽ, പ്രത്യേകിച്ചും സാമ്പത്തികമായി നല്ല സ്വാധീനമുണ്ട്. രാഷ്‌ട്രീയത്തിൽ അവരുടെ പിന്തുണ ട്രംപിന് ആവശ്യമാണ്.
ടെക്‌സാസിലെ 'ഹൗഡി മോഡി' ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായിരുന്നു. സൈനികവും തന്ത്രപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിലും വ്യാപാരത്തർക്കങ്ങൾ പരിഹരിക്കുന്നതിനും ട്രംപിന്റെ രണ്ടാംവരവ് ഇന്ത്യയ്ക്ക് ഗുണംചെയ്യും.
കുടിയേറ്റമാണ് മറ്റൊരു പ്രശ്നം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് പരിഹസിച്ചിരുന്നു. അധികാരത്തിൽ ഇരിക്കുമ്പോൾ പോലും ഇത്തരം കുടിയേറ്റക്കാർക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനി കൂടിയായ ട്രംപ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയിരുന്നു. സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് പോലുള്ള ' നല്ല' രാജ്യങ്ങളിലുള്ളവർ യു.എസിലേക്ക് കുടിയേറുന്നില്ലെന്നാണ് ട്രംപിന്റെ പരാതി.
ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരിക്കെ 1200 കോടിയോളം വിലവരുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറിന് അമേരിക്ക അംഗീകാരം നൽകിയിരുന്നു. പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് നൽകിയത്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നായിരുന്നു നിലപാട്. അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയോട് ട്രംപ് മലേറിയ മരുന്നുകൾക്ക് അഭ്യർത്ഥിച്ചിരുന്നു. മരുന്ന് തന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിയിലെ വിലക്ക് നീക്കിയിരുന്നു.
പ്രതിരോധ, ആണവ, ഊർജ്ജ, വ്യാപാര മേഖല അടക്കം നിർണായക മേഖലകളിൽ സഹകരണവും ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്താനുള്ള നടപടികൾ ഇനിയുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇനി തുടക്കമായേക്കും.
ഇന്ത്യ - അമേരിക്ക തന്ത്രപരമായ ബന്ധം ശക്തിപ്പെടും. ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാനുള്ള ധാരണാപത്രത്തിന് സാദ്ധ്യത. ആറ് റിയാക്ടറുകൾ വാങ്ങിയേക്കും. സൈനിക സഹകരണം ശക്തിപ്പെടും. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കാനിടയുണ്ട്.
ആഗോള - ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളിൽ കൂടുതലായി സഹകരിക്കും. പ്രത്യേകിച്ചും ഇന്തോ - പസഫിക് മേഖലയിൽ തന്ത്രപരമായ സഹകരണത്തിന് സാദ്ധ്യത. തീവ്രവാദത്തിനെതിരായ കൂട്ടായ പ്രവർത്തനം ശക്തിപ്പെട്ടേക്കും.
ഇന്ത്യയുടെ അയൽപക്കത്തും ആഗോള തലത്തിലും ചൈന ഉയർത്തുന്ന വെല്ലുവിളികളെ കൂട്ടായി നേരിടും. അഫ്‌ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അമേരിക്കൻ സഹായം. ഇന്ത്യയിലെ - അമേരിക്കയിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടും. ആരോഗ്യമേഖലയിൽ കൂടുതൽ സഹകരണത്തിനും സാദ്ധ്യത.
യു.എസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച് 2 ബി, എൽ 1, ജെ 1 വിസകളുടെ കാര്യത്തിൽ ആശങ്കയുണ്ട്. നേരത്തേ ട്രംപ് ഭരണകൂടം ഇത് നിർത്തിയതാണ്. സയൻസ്, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ദ്ധരാണ് എച്ച് 1 ബി വിസയിൽ ജോലി ചെയ്യുന്നത്.
ഹോട്ടൽ, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. എൽ 1 വിസയ്ക്ക് കീഴിൽ വരുന്നവർ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജെ 1 വിസയിൽ വരുന്നവർ ഗവേഷകർ, പ്രൊഫസർമാർ എന്നിവരുമാണ്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് തൊഴിൽ വിസകൾ നിർത്തിവച്ചത്. ഇത് കൂടുതൽ ബാധിക്കുന്നത് ഇന്ത്യയേയാണ്.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരിലധികവും ഇന്ത്യക്കാരാണ്. പോകാനാഗ്രഹിക്കുന്നവരും ഇന്ത്യാക്കാരാണ്. ഏറെക്കാലമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് അമേരിക്കൻ സർക്കാർ.