ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും ശൈലി മാറ്റണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ മുന്‍ഗണന.
സംസ്ഥാന തലങ്ങളില്‍ നേതാക്കള്‍ തമ്മിലുള്ള വടംവലിയും ഗ്രൂപ്പ് പോരും തുടര്‍ച്ചയായി പാര്‍ട്ടിയുടെ പരാജയത്തിന് വഴിവയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായതോടെ ദേശീയ നേതൃത്വം കടുത്ത നടപടി സ്വീകരിക്കണമെന്ന പൊതുവികാരമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
സംസ്ഥാനങ്ങള്‍ അതാത് നാട്ടിലെ നേതാക്കള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന 'ഫ്രാഞ്ചൈസി സംസ്കാരം' അവസാനിപ്പിക്കണമെന്നതാണ് പൊതുവികാരം.
മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വവും രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്‍റെ നായകത്വവും പാര്‍ട്ടിയുടെ വമ്പന്‍ പരാജയങ്ങള്‍ക്ക് വഴിതുറന്ന അതേ മാതൃകയിലാണ് ഹരിയാനയില്‍ ഭൂപേന്ദര്‍ സിംഗ് ഹൂഡയും ഇത്തവണ ഉറപ്പായിരുന്ന വിജയം ബിജെപിക്ക് ഉള്ളംകൈയ്യില്‍ സമ്മാനിച്ചത്.
തീറെഴുതി തീര്‍ത്തു
തെരഞ്ഞെടുപ്പാകുമ്പോള്‍ സീറ്റ് വിഭജനത്തിലും പ്രചരണത്തിലും സംസ്ഥാന നേതാക്കള്‍ക്ക് നല്‍കുന്ന അമിതമായ സ്വാതന്ത്ര്യവും അധികാരങ്ങളുമാണ് സംസ്ഥാനങ്ങളിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നാണ് വിമര്‍ശനം.
മധ്യപ്രദേശില്‍ അധികാരം പിടിക്കാനാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചരണത്തിലും കമല്‍നാഥിന് ഹൈക്കമാന്‍റ് പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധിയെപ്പോലും മധ്യപ്രദേശില്‍ കാര്യമായി പ്രചരണത്തിനിറക്കാന്‍ കമല്‍നാഥ് തയ്യാറായില്ല.
കോണ്‍ഗ്രസിന്‍റെ പ്രചരണ വിഭാഗം നയിക്കുന്ന സുനില്‍ കനഗൊലുവിന്‍റെ ടീമിനു മധ്യപ്രദേശില്‍ പ്രവേശനമുണ്ടായിരുന്നില്ല. എല്ലാം താന്‍ നോക്കിക്കൊള്ളാം എന്നതായിരുന്നു കമല്‍നാഥിന്‍റെ നിലപാട്. ഒടുവില്‍ ഫലം വന്നപ്പോള്‍ ബിജെപി വീണ്ടും തൂത്തുവാരി.
രാജസ്ഥാനിലും എല്ലാം അശോക് ഗെലോട്ടില്‍ കേന്ദ്രീകരിച്ചതായിരുന്നു കോണ്‍ഗ്രസിന്‍റെ പരാജയം. സച്ചിന്‍ പൈലറ്റിന് ഉള്‍പ്പെടെ കാര്യമായ റോള്‍ ലഭിച്ചില്ല. ഫലം പരാജയമായിരുന്നു.
എല്ലാം തുലച്ചത് തോല്‍വികളുടെ നായകന്‍
ഹരിയാനയില്‍ വിജയം സുനിശ്ചിതമായിരുന്നു എന്നതായിരുന്നു രാജ്യം മുഴുവനുമുള്ള കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ. അങ്ങനെയാണ് രണ്ട് തെരഞ്ഞെടുപ്പുകളെ അടുപ്പിച്ച് നയിച്ച മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് സര്‍വ്വ സ്വാതന്ത്ര്യം അനുവദിച്ചത്. ജാട്ട് സമുദായത്തിന്‍റെ വോട്ടുബാങ്കില്‍ കണ്ണുനട്ടായിരുന്നു നീക്കം.
ഇതോടെ പിന്നോക്ക സമുദായത്തില്‍നിന്നുള്ള നേതാവ് കുമാരി സെല്‍ജയെ ഹൂഡ പക്ഷം പൂര്‍ണമായും അവഗണിച്ചു. ഇതോടെ പരസ്യ പ്രചരണം അവസാനിക്കുന്ന ദിവസംവരെ സെല്‍ജ പ്രചരണത്തിനിറങ്ങിയില്ല. ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ഒടുവിലുണ്ടായ പരാജയം.
ഈ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് മല്‍സരം തീറെഴുതി നല്‍കുന്ന 'ഫ്രാഞ്ചൈസി സംസ്കാരം' ഇനി അംഗീകരിക്കാന്‍ പാടില്ലെന്നതാണ് പാര്‍ട്ടിയില്‍ ഉയരുന്ന വികാരം.
രാഹുല്‍ ശൈലി മാറ്റണം
പാര്‍ട്ടി കാര്യങ്ങളില്‍ കര്‍ശന ഇടപെടലും കൈകടത്തലും രാഹുല്‍ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്.
പേഴ്സണല്‍ സ്റ്റാഫിലുള്ള മുന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ബൈജു, ക്ലറിക്കല്‍ ജീവനക്കാരനായിരുന്ന അലങ്കാര്‍ സവായ്, കൗശല്‍ വിദ്യാര്‍ഥി എന്നിവരടങ്ങിയ ടീം തെരഞ്ഞെടുപ്പ് പ്രചരണത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുമടക്കം കൈകടത്തല്‍ നടത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്.
രാഷ്ട്രീയ പരിചയമില്ലാത്ത ഇവര്‍ക്കു പകരം പരിണിത പ്രജ്ഞരായ പ്രൊഫഷണല്‍ ടീമിനെ രാഹുല്‍ ഗാന്ധിയുടെ ടീമിന്‍റെ ഭാഗമാക്കി മാറ്റണമെന്നതാണ് പ്രധാന നിര്‍ദേശം. ഹരിയാനയില്‍ 12 - 15 സീറ്റുകളെങ്കിലും ഈ ഉപജാപക സംഘങ്ങളുടെ ഇടപെടലില്‍ നഷ്ടമായിട്ടുണ്ടെന്നാണ് വിമര്‍ശനം.
സഖ്യമുണ്ടെങ്കിലേ രക്ഷയുള്ളോ ?
സഖ്യമുണ്ടെങ്കിലേ കോണ്‍ഗ്രസിന് രക്ഷയുള്ളു എന്ന സ്ഥിതിയാണ് ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവിട്ടതോടെ പൊതുവേ ഉയര്‍ന്നിരിക്കുന്നത്. ജമ്മു-കാശ്മീരില്‍ സഖ്യത്തിനൊപ്പമായിരുന്നു വിജയം, അതും 6 സീറ്റില്‍.
ഇനി മഹാരാഷ്ട്രയിലും സംഭവിക്കുന്നത് ഇതു തന്നെയാകും. സഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെ ഒതുക്കുന്നതും പതിവാണ്. തമിഴ്നാട്ടില്‍ സഖ്യമുണ്ടെങ്കില്‍പോലും കോണ്‍ഗ്രസിന് ഭരണത്തില്‍ പ്രാതിനിധ്യമില്ല. ജമ്മു-കാശ്മീരില്‍ ഒരു സൈഡിലേയ്ക്ക് പാര്‍ട്ടി ഒതുങ്ങി. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും കൂടി ഇനി കോണ്‍ഗ്രസിനെ ഒതുക്കാന്‍ ശ്രമിക്കും.
ഹരിയാനയില്‍ ആം ആദ്മിയെ ആറോ ഏഴോ സീറ്റ് നല്‍കി കൂടെ കൂട്ടിയിരുന്നുവെങ്കില്‍ ഭരണം ഉറപ്പായിരുന്നു. അവിടെ ഇരുപതോളം സീറ്റില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വി ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ആ കുറവ് പരിഹരിക്കാന്‍ ആം ആദ്മിക്ക് കഴിയുമായിരുന്നു.
നഷ്ടം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും !
വടക്കേ ഇന്ത്യയില്‍ നവമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഹരിയാനയിലെ തോല്‍വിയോടെ ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ശക്തമായ നടപടിയും ഇടപെടലും ഉണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം.
കോണ്‍ഗ്രസ് അനുകൂല മാധ്യമ പ്രവര്‍ത്തകരായ വാങ്കഡെ പറഞ്ഞത് "സെക്യൂരിറ്റി ജീവനക്കാരനായ ക്ലറിക്കല്‍ സ്റ്റാഫും ടിക്കറ്റ് തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കാത്ത കാലത്തോളം പരാജയത്തിനുത്തരവാദി രാഹുല്‍ ഗാന്ധി മാത്രമാണെന്നാണ്."
അതുപോലെ കര്‍ണാടകയിലും തെലുങ്കാനയിലും വിജയിച്ചപ്പോള്‍ സുനില്‍ കനഗൊലുവിന് വാഴ്ത്തുപാട്ട് എഴുതിയവര്‍ ഹരിയാനയിലെ പരാജയത്തില്‍ എന്തുകൊണ്ട് കനഗൊലു ടീമിനെ വിമര്‍ശിക്കുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്.
കനഗൊലു ടീം സൗത്ത് ഇന്ത്യയില്‍ ഇറക്കിയ അതേ ടീമിനെതന്നെ നോര്‍ത്തിലും രംഗത്തിറക്കിയതും ന്യൂനതയെന്ന വിമര്‍ശനം ശക്തമാണ്.