Advertisment

ഡിഎംഎയുടെ 75-ാമത് വാർഷികാഘോഷങ്ങൾക്കായി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയം അണിഞ്ഞൊരുങ്ങി. ഉദ്ഘാടനം നാളെ

author-image
പി.എന്‍ ഷാജി
New Update
dma 75 celebration

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ  75-ാമത് വാർഷികാഘോഷങ്ങൾക്കായി ഇന്ദ്രപ്രസ്ഥത്തിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയം അണിഞ്ഞൊരുങ്ങി. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. രാത്രി 10 മണിക്ക് സമാപിക്കും.

Advertisment

കേന്ദ്രക്കമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയോടെ പരിപാടികൾ ആരംഭിക്കും. കൈകൊട്ടിക്കളി, ഭാരതീയം, ത്രിവർണികാ, കുച്ചിപ്പുടി, ഫ്യൂഷൻ ഡാൻസ്, മാർഗം കളി, ത്രിവേണി സംഗമം - ഫിൽമി ഡാൻസ്, ട്രഡീഷണൽ ഫോക് ഡാൻസ്, വൺ ഇന്ത്യാ - അർദ്ധ ശാസ്ത്രീയ നൃത്തം, മലയാളം, തമിഴ്, ഹരിയാൻവി, രാജസ്ഥാനി, പഞ്ചാബി, ഗുജറാത്തി, എന്നീ നാടോടിനൃത്തങ്ങൾ, ഒപ്പന, കേരളീയം - നൃത്ത ശിൽപ്പം എന്നിവ അരങ്ങേറും.

വികാസ്‌പുരി-ഹസ്‌തസാൽ, മയൂർ വിഹാർ ഫേസ്-2, വസുന്ധര എൻക്ലേവ്, പശ്ചിമ വിഹാർ, അംബേദ്‌കർ നഗർ, ബദർപ്പൂർ, രോഹിണി, ദ്വാരക, മാഹിപാൽപ്പൂർ-കാപ്പസ് ഹേഡാ, ദിൽഷാദ് കോളനി, ജനക് പുരി, ആർ കെ പുരം, കാൽക്കാജി, പട്ടേൽ നഗർ, സൗത്ത് നികേതൻ, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, മെഹ്‌റോളി എന്നീ ഏരിയകളാണ് പരിപാടികൾ അവതരിപ്പിക്കുക.

വൈകുന്നേരം 3 മണിക്ക് 75-ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു ഡിഎംഎയുടെ 29 ശാഖകൾ നടത്തുന്ന ഫ്ലാഗ് മാർച്ചും താലപ്പൊലി, ചെണ്ടമേളം എന്നിവയും മയൂർ വിഹാർ ഫേസ്-1 ശാഖ ഒരുക്കുന്ന തീം സോങും സാംസ്‌കാരിക സമ്മേളനത്തിനു മുന്നോടിയായി അരങ്ങേറും.

തുടർന്ന് പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സിനിമാ താരം ജോജു ജോർജ്ജ് മുഖ്യാതിഥിയും സൈജു കുറുപ്പ് വിശിഷ്ടാതിഥിയുമാകും. ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ആഘോഷക്കമ്മിറ്റി ചെയർപേഴ്‌സൺ ഡോ ലില്ലി ജോർജ്ജ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും വാർഷികാഘോഷക്കമ്മിറ്റി ജനറൽ കൺവീനറുമായ കെ വി മണികണ്ഠൻ,  സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 

ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡിഎംഎ മുൻ പ്രസിഡന്റ് എ വി ഭാസ്‌കരനും ഡിഎംഎ വിശിഷ്‌ട സാമൂഹ്യ സേവാ പുരസ്‌കാരം, മനുഷ്യ സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ കെ ആർ മനോജും ഡിഎംഎ വിശിഷ്‌ട സേവാ പുരസ്‌കാരം മുൻ പ്രസിഡന്റ് സി എ നായരും മുൻ വൈസ് പ്രസിഡന്റ് എം പി സുരേഷും, ഡിഎംഎ കലാഭാരതി പുരസ്‌കാരം കലാമണ്ഡലം രാധാ മാരാരും ചടങ്ങിൽ ഏറ്റുവാങ്ങും. 

75 വർഷത്തെ ഡിഎംഎയുടെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ സൂചകമായി 'ഇന്ദ്രോദയം' എന്ന സുവനീർ പ്രകാശനവും ചെയ്യും. കൂടാതെ 2023-24 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ ഗായത്രി അജിത് (സയൻസ്), അശ്വിൻ എ കേശവ് (ഹ്യൂമാനിറ്റീസ്), അഞ്ജന പി കെ (കോമേഴ്‌സ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡൻ്റ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും. മലയാളം മിഷന്റെ ഹയർ ഡിപ്ലോമ കോഴ്‌സായ 'നീലക്കുറിഞ്ഞി' പരീക്ഷയിൽ വിജയികളായ ഐശ്വര്യ ബി, രഞ്ജിതാ റജി, മാളവിക അജികുമാർ എന്നീ വിദ്യാർത്ഥികളെയും മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും.

തുടർന്ന് പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങിയവർ നയിക്കുന്ന സംഗീത സായാഹ്നം ആഘോഷ രാവിന് ചാരുതയേകും. കൂടുതൽ വിവരങ്ങൾക്ക് 9810791770, 9810388593 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment