Advertisment

ചൈനീസ് വെളുത്തുള്ളി അത്ര 'വെടിപ്പല്ല', കാണാന്‍ 'സുന്ദരനെ'ങ്കിലും അങ്ങേയറ്റം അപകടകാരി ! ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

2014 മുതല്‍ രാജ്യത്ത് നിരോധിച്ചിട്ടും, ചൈനീസ് വെളുത്തുള്ളി ചന്തകളില്‍ ഉള്‍പ്പെടെ അനധികൃതമായി വില്‍ക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

New Update
garlic

2014 മുതല്‍ രാജ്യത്ത് നിരോധിച്ചിട്ടും, ചൈനീസ് വെളുത്തുള്ളി ചന്തകളില്‍ ഉള്‍പ്പെടെ അനധികൃതമായി വില്‍ക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക വെളുത്തുള്ളിയാണെന്ന് കരുതി ഉപഭോക്താക്കള്‍ വാങ്ങുന്നത് ചിലപ്പോള്‍ ചൈനീസ് വെളുത്തുള്ളി ആയിരിക്കാം. ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി ഉൽപ്പാദിപ്പിക്കുന്നതാണ് ഇത്തരം വെളുത്തുള്ളികള്‍.

Advertisment

ചൈനീസ് വെളുത്തുള്ളി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഉത്തർപ്രദേശ് സ്വദേശി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. യുപിയിലെയും ഗുജറാത്തിലെയും പല ഭാഗങ്ങളിലും ചൈനീസ് വെളുത്തുള്ളി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്.

മറ്റ് വിപണികളിൽ തിരച്ചിൽ തുടരുകയാണ്. ചൈനീസ് വെളുത്തുള്ളിയെയും, പ്രാദേശിക വെളുത്തുള്ളിയെയും എങ്ങനെ തിരിച്ചറിയാമെന്നതാണ് ഉപഭോക്താക്കളുടെ സംശയം. 

വിഷമിക്കേണ്ട, വഴിയുണ്ട്‌

യുപിയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലുടനീളമുള്ള വിപണികളിലും ചൈനീസ് വെളുത്തുള്ളി വില്‍ക്കുന്നുണ്ടെന്ന്‌ ഡൽഹിയിലെ ആസാദ്പൂർ മാണ്ഡിയിലെ മൊത്ത വെളുത്തുള്ളി വ്യാപാരിയായ സുശീൽ കുമാർ ഗാർഗ് ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇത്തരം വെളുത്തുള്ളികളുടെ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കാറില്ല. എന്നാല്‍ പ്രാദേശിക, ചൈനീസ് വെളുത്തുള്ളികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്ന് ഗാര്‍ഗ് വ്യക്തമാക്കി.

വലിപ്പം: 

ചൈനീസ് വെളുത്തുള്ളി സാധാരണയായി പ്രാദേശിക വെളുത്തുള്ളിയേക്കാൾ വലുതാണെന്ന് സുശീൽ കുമാർ ഗാർഗ് പറയുന്നു. ചൈനീസ് വെളുത്തുള്ളി കൂടുതൽ കട്ടിയുള്ളതുമാണ്.

നിറം:

സിന്തറ്റിക് പ്രക്രിയയും രാസവസ്തുക്കളും ഉപയോഗിച്ചാണ് ചൈനീസ് വെളുത്തുള്ളി ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ, അത് വെളുത്തതും മിനുസമാർന്നതും തിളക്കമുള്ളതുമായി കാണപ്പെടുന്നു. 

മണം:

പ്രാദേശിക വെളുത്തുള്ളിയുടെ ഒരു അല്ലി തുറക്കുമ്പോൾ കടുത്ത മണം അനുഭവപ്പെടും. അതേസമയം ചൈനീസ് വെളുത്തുള്ളിക്ക് അത്ര കടുപ്പമില്ലാത്ത മണമാണ് അനുഭവപ്പെടുന്നത്.

തൊലി കളയാൻ എളുപ്പം:

ചൈനീസ് വെളുത്തുള്ളി തൊലി കളയാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെ ഇത് വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കും. പ്രാദേശിക വെളുത്തുള്ളിയുടെ തൊലി കളയാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്.

ജാഗ്രത വേണം

വെളുത്തുള്ളിയുടെ പ്രധാന ഉത്പാദകരാണ് ചൈന. സിന്തറ്റിക് പദാർത്ഥങ്ങൾ കൃഷിയിലടക്കം വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ചൈനീസ് വെളുത്തുള്ളി അൾസർ, അണുബാധ തുടങ്ങിയ ആമാശയ രോഗങ്ങൾക്ക് കാരണമാകും. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടാണ് 2014 മുതൽ ഇന്ത്യയിൽ ഇതിൻ്റെ വിൽപ്പന നിരോധിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ കോട്ട, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗാര്‍ഗ് വ്യക്തമാക്കി. 

ഹിമാചൽ പ്രദേശിൽ നിന്നുള്ള വെളുത്തുള്ളി കാഴ്ചയിൽ ചിലപ്പോൾ ചൈനീസ് വെളുത്തുള്ളിയോട് സാമ്യമുള്ളതാണ്. എന്നാല്‍ നേരിട്ട് നോക്കുമ്പോള്‍ വ്യത്യാസങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാദ്പൂർ മണ്ഡിക്കുള്ളിൽ ചൈനീസ് വെളുത്തുള്ളി വിൽക്കുന്നില്ലെന്ന് ഗാർഗ് പറയുന്നു. മാണ്ഡിക്ക് പുറത്തുള്ള ചില ഗോഡൗണുകൾ രഹസ്യമായി ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്യുന്നതായി കിംവദന്തികൾ ഉണ്ട്. ചില്ലറ വ്യാപാരികൾ ഈ വെളുത്തുള്ളി വാങ്ങി ചില്ലറ വിപണിയിൽ വിൽക്കുന്നതായാണ് റിപ്പോർട്ട്.

 

Advertisment