ഡല്‍ഹി: ബഹിരാകാശ സമ്പദ്വ്യവസ്ഥയില്‍ രാജ്യത്തിന്റെ ആഗോള സംഭാവന അടുത്ത ദശകത്തില്‍ കുറഞ്ഞത് 10 ശതമാനമായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇത് നിലവില്‍ 2 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആകാശവാണിയില്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണം നടത്തുന്നതിനിടെയാണ് സോമനാഥ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെ തീയതികളും സോമനാഥ് വെളിപ്പെടുത്തി. ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്ന രാജ്യത്തിന്റെ ആദ്യത്തെ ദൗത്യമായ ഗഗന്‍യാന്‍ 2026 ല്‍ വിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്നും കൂടാതെ ചന്ദ്രയാന്‍ 4, 2028 ല്‍ വിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ദൗത്യത്തിന് പുറമെ, ചാന്ദ്രയാന്‍-5 ദൗത്യത്തിന്റെ വിശദാംശങ്ങളും സോമനാഥ് പ്രഖ്യാപിച്ചു. ചാന്ദ്രയാന്‍-5് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി ചേര്‍ന്ന് നടത്തുന്ന ഒരു സംയുക്ത ചാന്ദ്ര ലാന്‍ഡിംഗ് ദൗത്യമായിരിക്കും. ലൂപെക്‌സ് അല്ലെങ്കില്‍ ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലോറേഷന്‍ എന്നാണ് ഇതിന് പേര്.
ലൂപെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം നേരത്തെ 2025ല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു, എന്നാല്‍ ഇതിനെ ചന്ദ്രയാന്‍ -5 എന്ന് വിശേഷിപ്പിക്കുന്നതിനാല്‍ ചന്ദ്രയാന്‍ -4 വിക്ഷേപിക്കുന്ന 2028 ന് ശേഷം മാത്രമേ ഇത് പ്രതീക്ഷിക്കാനാകൂ.