ഡല്‍ഹി: സോളാര്‍ വൈദ്യുതി കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്.
യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കമ്പനി എല്ലാ നിയമങ്ങള്‍ക്കും അനുസൃതമാണെന്നും സാധ്യമായ എല്ലാ നിയമ വഴികളും തേടുമെന്നും അദാനി അറിയിച്ചു.
അദാനി ഗ്രീനിന്റെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗ്രൂപ്പ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
സൗരോര്‍ജ്ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ക്ക് പകരമായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി നല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ആരോപിച്ച് ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിരുന്നു.
കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ആരോപണങ്ങളാണെന്നും കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടുമെന്നും യുഎസ് നീതിന്യായ വകുപ്പിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ തലങ്ങളിലും ഭരണം, സുതാര്യത, നിയമങ്ങള്‍ പാലിക്കല്‍ എന്നിവയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
ഞങ്ങള്‍ നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കുന്നു. എല്ലാ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നത്'- വക്താവ് വ്യക്തമാക്കി.