ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഒളിവിലായിരുന്ന നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്.
കച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയർന്നിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം പൊതുപരിപാടിയിൽ സംസാരിച്ചതിനു പോലീസ് കേസെടുത്തതിനു പിന്നാലെയാണ് കസ്തൂരി കോടതിയെ സമീപിച്ചത്.
വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഹർജി തള്ളിയതോടെ, ഒളിവിൽ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിരുന്നു.
ഹിന്ദു മക്കൾ കക്ഷി എഗ്മൂറിൽ നടത്തിയ പ്രകടനത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്