Advertisment

കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും കൊക്കോകര്‍ഷകര്‍ക്ക് ആശങ്ക

മഴയെത്തുടര്‍ന്ന് പൂവിടുന്ന കൊക്കോമരങ്ങളില്‍ കായപിടിക്കുന്നത് ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. മഴകനത്താല്‍ കായകളെല്ലാം മഹാളിപിടിച്ച് കൊഴിഞ്ഞുപോകാമെന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

New Update
lkjhgrfghjkl

കുറ്റ്യാടി: കടുത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തിയെങ്കിലും കൊക്കോകര്‍ഷകര്‍ക്ക് ആശങ്ക. മഴയെത്തുടര്‍ന്ന് പൂവിടുന്ന കൊക്കോമരങ്ങളില്‍ കായപിടിക്കുന്നത് ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. മഴകനത്താല്‍ കായകളെല്ലാം മഹാളിപിടിച്ച് കൊഴിഞ്ഞുപോകാമെന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

Advertisment

കഴിഞ്ഞദിവസങ്ങളില്‍ മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലെ മലയോരപ്രദേശങ്ങളില്‍ മഴ ലഭിച്ചു. ഏപ്രില്‍ മാസത്തിലും പശുക്കടവ് മേഖലയില്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊക്കോമരങ്ങള്‍ പൂവിട്ടിരുന്നു.

ഇപ്പോള്‍ വിളവെടുപ്പ് സീസണാണ്. വര്‍ഷത്തില്‍ പത്തുമാസത്തോളം വിളവെടുക്കാമെങ്കിലും ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണ് കൊക്കോയുടെ പ്രധാന വിളവെടുപ്പ് സീസണ്‍.

ഉത്പാദനക്കുറവ് എല്ലാ തോട്ടങ്ങളെയും ബാധിച്ചിട്ടുണ്ട്. രണ്ടുമാസംമുമ്പ് മഴ ലഭിച്ചിരുന്നെങ്കില്‍ പ്രയോജനപ്പെട്ടേനെയെന്ന് കര്‍ഷകര്‍ പറയുന്നു. മരുതോങ്കര ഗ്രാമപ്പഞ്ചായത്തില്‍ പശുക്കടവ്, പ്രിക്കന്‍തോട്, പാമ്പന്‍കോട്, കോങ്ങോട്, എക്കല്‍ തുടങ്ങിയ ഭാഗങ്ങളിലായി നൂറുകണക്കിന് കര്‍ഷകര്‍ കൊക്കോകൃഷി ചെയ്യുന്നുണ്ട്.

കാവിലുംപാറ ഗ്രാമപ്പഞ്ചായത്തില്‍ മുറ്റത്ത് പ്ലാവ്, വട്ടിപ്പന പൊയിലോംചാല്‍, പൂതംപാറ, ചൂരണി, കരിങ്ങാട്, ചാപ്പംതോട്ടം തുടങ്ങിയ ഭാഗങ്ങളിലും കൊക്കോകൃഷിയുണ്ട്. മരപ്പട്ടി, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയുടെ ശല്യം അതിജീവിച്ചാണ് കര്‍ഷകര്‍ കൊക്കോകൃഷി ചെയ്യുന്നത്.

കാലാവസ്ഥാവ്യതിയാനംമൂലം പലതോട്ടങ്ങളിലും ഉത്പാദനം കുറവാണ്. കഴിഞ്ഞ ഡിസംബറില്‍ പശുക്കടവുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കൊക്കോമരങ്ങള്‍ പൂവിട്ടസമയത്ത് മഴപെയ്തത് പൂകൊഴിയാനിടയാക്കിയിരുന്നു.

വിലയിലെ ഏറ്റക്കുറച്ചിലും വില്ലനാകുന്നുണ്ട്. രണ്ടാഴ്ചമുമ്പുവരെ പച്ചക്കായ കിലോയ്ക്ക് 350 രൂപയുണ്ടായിരുന്നു. വ്യാഴാഴ്ച 230 രൂപയായി താഴ്ന്നു. ഉണങ്ങിയ കുരുവിന്റെ വില 1000-ല്‍നിന്ന് 600 രൂപയായി. പ്രധാന സീസണില്‍ വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും വിലതാഴ്ന്നതില്‍ കര്‍ഷകര്‍ നിരാശരാണ്.

അനുകൂലകാലാവസ്ഥയും പരിപാലനവുമുണ്ടെങ്കില്‍ പത്തുമാസവും കൊക്കോ വിളവെടുക്കാം. പ്രധാന സീസണില്‍ ആഴ്ചയില്‍ ഒരുപ്രാവശ്യവും മറ്റുമാസങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കലും വിളവെടുക്കാം. ഡിസംബര്‍ മാസത്തിലും കൊക്കോമരങ്ങള്‍ പൂവിട്ട സമയത്ത് മഴപെയ്തതിനെത്തുടര്‍ന്ന് പൂക്കള്‍ കൊഴിഞ്ഞുപോയിരുന്നു. കൊമ്പുമുറിക്കല്‍, വളപ്രയോഗം, പുതുതായിവരുന്ന തളിര്‍പ്പ് അടര്‍ത്തല്‍, കായ പിടിച്ചുവരുമ്പോള്‍ ബോര്‍ഡോമിശ്രിതം തളിക്കല്‍ എന്നിവ സമയോചിതമായി ചെയ്യുന്നതിനൊപ്പം കാലാവസ്ഥയും അനുകൂലമായെങ്കില്‍മാത്രമേ നല്ല വിളവ് ലഭിക്കൂ. കാവിലുംപാറ, മരുതോങ്കര ഗ്രാമപ്പഞ്ചായത്തുകളിലെ മലയോരമേഖലയില്‍ വെള്ളക്ഷാമമുള്ളതിനാല്‍ ജലസേചനത്തിന് തടസ്സമുണ്ട്. എങ്കിലുംവര്‍ഷത്തില്‍ പലതവണ വിളവെടുക്കാമെന്നതാണ് കൊക്കോകൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

മൂന്നുമാസംവരെ മാത്രമേ കര്‍ഷകന് ഉണങ്ങിയ കുരു സൂക്ഷിക്കാനാകൂ. മൂന്നുമാസത്തിനുശേഷം പൊടിയാന്‍ തുടങ്ങുമെന്നതിനാല്‍ ചെറുകിടകര്‍ഷകര്‍ ഉണക്കിസൂക്ഷിച്ച കുരു വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

summer-rains-worry-for-cocoa-farmers
Advertisment