ബെയ്ജിങ്: ഒപ്പോ ഫൈന്‍ഡ് എക്സ്8 സിരീസ് സ്മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ ഒക്ടോബര്‍ 24ന് പുറത്തിറക്കും.പ്രത്യേക ക്യാമറ ബട്ടണോടെയാണ് ഫോണുകള്‍ വരിക. ക്യാമറയിലേക്ക് ക്വിക് ആക്സസ് ഈ ക്യാമറ ബട്ടണ്‍ പ്രദാനം ചെയ്യും. എന്നാല്‍ ഈ ക്യാമറ കണ്ട്രോള് ബട്ടണ്‍ ഐഫോണ്‍ 16 സിരീസിലെ ക്യാപ്ച്വര്‍ ബട്ടണില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് ഒപ്പോ വാദിക്കുന്നു.
ടച്ച് സ്ക്രീന്‍ ഉപയോഗിക്കാതെ ക്യാമറ ഉപയോഗിക്കാനുള്ള ബട്ടണാണിത്. കൈയുറ ധരിച്ച് കഴിയേണ്ട ശീതകാല സാഹചര്യങ്ങളിലും കൈകള്‍ നനഞ്ഞിരിക്കുന്ന അവസ്ഥയിലും ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ക്യാപ്ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഒറ്റ ക്ലിക്കില്‍ ഫോട്ടോകള്‍ പകര്‍ത്താം. മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കുന്ന സമയത്ത് ഒരു ഫോട്ടോ പെട്ടെന്ന് എടുക്കേണ്ടിവന്നാല്‍ ഈ ബട്ടണ്‍ അമര്‍ത്തി വളരെ എളുപ്പത്തില്‍ ചിത്രം പകര്‍ത്താമെന്നും ഒപ്പോ പറയുന്നു.
ഐഫോണ്‍ 16 സിരീസില്‍ നിന്ന് വ്യത്യസ്തമായി ഒപ്പോ ഫൈന്‍ഡ് എക്സ്8 സിരീസിലെ ക്യാപ്ച്വര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഐഫോണ്‍ 16ലെ ക്യാമറ ബട്ടണ്‍ മള്‍ട്ടി ടാസ്കിംഗ് കേന്ദ്രീകൃതമായിരുന്നു. ശബ്ദം ക്രമീകരിക്കാനുള്ള വോളിയം ബട്ടണിന് സമാനമായ ബട്ടണാണ് ഫൈന്‍ഡ് എക്സ്8 സിരീസില്‍ ഒപ്പോ ഉള്‍പ്പെടുത്തുന്നത്.
ഒപ്പോ ഫൈന്‍ഡ് എക്സ്8, 1.5കെ റെസലൂഷനിലുള്ള 6.5 ഇഞ്ച് ബിഒഇ ഡിസ്പ്ലെയിലാണ് വരാന്‍ സാധ്യത. ഐഫോണ്‍ 16ലെ പോലെ നേര്‍ത്ത ബെസ്സെല്സാകും സ്ക്രീനിന് ചുറ്റുമുണ്ടാവുക. സോണി എല്‍വൈറ്റി-600 സെന്‍സറുള്ള 50 മെഗാപിക്സല്‍ പ്രധാന ക്യാമറയോടെയാവും ഫോണ്‍ വരിക. മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്സെറ്റും വരുന്ന ഫോണിന് 15 ജിബി റാമും 1 ടിബി സ്റ്റോറേജും വരേയുള്ള ഓപ്ഷനുകള്‍ കാണും. 80 വാട്ട്സ് സൂപ്പര്‍വോക് ടൈപ്പ്-സി ചാര്‍ജറോടെ വരുന്ന 5,700 എംഎഎച്ച് ബാറ്ററിയുമാണ് ഒപ്പോ ഫൈന്‍ഡ് എക്സ്8നുണ്ടാവുക എന്നുമാണ് സൂചന.