Advertisment

മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ചു

നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

author-image
ഇ.എം റഷീദ്
Updated On
New Update
e5678uio765678

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  സംസ്ഥാനത്ത് നടത്തിയ നിപ  പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

Advertisment

രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കും.

മാസ്ക് ധരിക്കണം

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ സെല്‍ തുറന്നു

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. 

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി  ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.  യോഗത്തില്‍ മന്ത്രി. വി. അബ്ദുറഹിമാന്‍,  എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി അനില്‍കുമാര്‍, അ‍ഡ്വ. യു.എ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ,  ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment