ഐഫോൺ 16 ന് ബാറ്ററി കപ്പാസിറ്റിയില്ലെന്നും ചാർജ് ഡ്രെയിനാകുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഐഫോൺ 16ന് ആരാധകരേറെയാണ്. ലോഞ്ചിന് മുൻപാരംഭിച്ചതാണ് ബുക്കിങ്. ഫോണിന്റെ വിൽപ്പന ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. ഐഫോൺ 16 പ്രോ മാക്സ് സീരീസിലടക്കം ഈ പ്രശ്നം ഉണ്ടെന്നാണ് ഉപയോക്താക്കൾ പറയുന്നത്. നാല് മണിക്കൂറോളം ഫോൺ ഉപയോഗിക്കാതിരുന്നിട്ട് പോലും 20 ശതമാനം ചാർജ് നഷ്ടമായെന്ന് ഒരു ഉപയോക്താവ് പറയുന്നു.
റെഡിറ്റ്, ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റുകൾ തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ബാറ്ററി സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികൾ നിറയുകയാണ്. ഐഫോൺ 13 പ്രോ മാക്സിനെക്കാളും കഷ്ടമാണ് 16ന്റെ അവസ്ഥയെന്ന് ഉപയോക്താക്കളിൽ ചിലർ പറയുന്നുണ്ട്. ഐഫോൺ 16 പ്രോയുടെ ബാറ്ററി ലൈഫ് തീരെ മോശമെന്നും ആറ് മണിക്കൂർ ഉപയോഗിക്കുമ്പോൾതന്നെ 20 ശതമാനത്തിലേക്ക് താഴുന്നുവെന്നും പലരും പറയുന്നു.
നിരവധി ആപ്പിൾ ഫീച്ചറുകൾ ഡിലീറ്റ് ചെയ്തും നോക്കിയെങ്കിലും ഗുണമുണ്ടായില്ല. പലരും ഫോൺ റീസെറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഐഫോൺ 16 ന് ഡിമാൻഡ് കൂടിയതോടെ ഐഫോൺ പ്രേമികളെ പിന്തുണച്ച് രത്തൻ ടാറ്റ രംഗത്ത് വന്നത് മുൻപ് വാർത്തയായിരുന്നു. ഇതിന്റെ ഭാഗമായി ഏറ്റവും വേഗത്തിൽ ഫോണെത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. ക്വിക് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്ക്കറ്റിലൂടെ ഡെലിവറി നടത്താനാണ് ശ്രമം.