സ്മാർട്ട്ഫോണുകളിലെ വിവരങ്ങൾ സംരക്ഷിക്കാൻ സംവിധാനവുമായി പുതിയ ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം (ഒ.എസ്.). ആൻഡ്രോയ്‌ഡ് 15 ഒ.എസുള്ള ഫോണുകളിൽ സെറ്റിങ്സ് ആപ്പിലായിരിക്കും ഇവ ലഭ്യമാകുക. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളിലെ ആൻഡ്രോയ്‌ഡ് 15 പുതിയ പതിപ്പിൽ കഴിഞ്ഞയാഴ്ചയാണ് ഈ ഫീച്ചറുകൾ പുറത്തിറക്കിയത്. സെറ്റിങ്സ് ആപ്പിലുള്ള സെക്യൂരിറ്റി ആൻഡ് പ്രൈവസി ടാബ് വഴി ഈ ഫീച്ചറുകൾ ആക്ടിവേറ്റ് ചെയ്യാം.
ഇതിന് ഇന്റർനെറ്റ് ലഭ്യമായിരിക്കണം. ഫൈൻഡ് ആൻഡ് ഇറേസ് ഡിവൈസ് ഫീച്ചറിൽ ഫോൺ മോഷണംപോയാൽ അതിലെ സുപ്രധാനവിവരങ്ങൾ വിദൂരത്തിരുന്ന് ഒഴിവാക്കാനും സൗകര്യം ലഭിക്കും. ഈ ഫീച്ചറുകൾ ഡീആക്ടിവേറ്റ് ചെയ്യണമെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതുണ്ട്. ആളുകളുടെ സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും പ്രാധാന്യം നൽകി തെഫ്റ്റ് ഡിറ്റക്‌ഷൻ ലോക്ക്, റിമോട്ട് ലോക്ക്, ദൂരെയിരുന്ന് ഫോണിലെ വിവരങ്ങൾ നീക്കംചെയ്യാവുന്ന സംവിധാനം എന്നിവയാണ് അവതരിപ്പിച്ചിട്ടുള്ളത്.
തെഫ്റ്റ് ഡിറ്റക്‌ഷൻ ലോക്ക്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക്, ഫൈൻഡ് മൈ ഡിവൈസ്, ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് എന്നിവയാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്. ആരെങ്കിലും ഫോൺ തട്ടിയെടുത്തോടിയാൽ ഉടൻ തെഫ്റ്റ് ഡിറ്റക്‌ഷൻ ലോക്ക് പ്രവർത്തനസജ്ജമാകും. ഇതോടെ ഫോണിലെ സ്‌ക്രീൻ തനിയെ ലോക്കാകും.
ഓഫ്‌ലൈൻ ഡിവൈസ് ലോക്ക് സംവിധാനത്തിൽ ഫോൺ ഓഫ്‌ലൈനായാൽ തനിയെ സ്‌ക്രീൻ ലോക്കാകുന്നതാണ്. റിമോട്ട് ലോക്ക് സംവിധാനത്തിലൂടെ ഉപകരണം മോഷണംപോയാൽ ആൻഡ്രോയ്‌ഡ്.കോം/ലോക്ക് എന്ന ലിങ്കിൽ കയറി ഫോൺനമ്പർ നൽകിയാൽ ഫോണിന്റെ സ്‌ക്രീൻ ലോക്കാകുന്നതാണ്.